1
സുബ്ഹിക്ക് മുന്നെ
കൈകഴുകാൻ വെച്ച
ചെമ്പുകിണ്ടിയിലെ വെള്ളം
തീർന്നപ്പോ,
പള്ളിപ്പുറത്തെ മൊയ്ല്യാര്
വിരലുകൾക്കിടയിലൂടെ
വെള്ളം ബെര്ന്ന
ഖിസ്സ പറഞ്ഞു.
പെള്ളേര്
ഉസ്താദിന്റെ കൈയ്യിലെ
വിരലുകളെണ്ണി നോക്കി.
അഞ്ചല്ലേ ഉള്ളൂന്ന്
മോന്തി ചോദിച്ചു.
“അതിലെട്ത്
എത്ര കിണറൊണ്ട്?”
പിന്നിൽ നിന്ന്
ബെറൊരുത്തൻ.
മദീനയിൽ
വെള്ളം കുറെ ണ്ടായിര്ന്ന
ഒരു പെരുന്നാളിന്,
നബി
കൈപ്പത്തി തുറന്നെന്ന്
ഉസ്താദ് പറഞ്ഞു.
വിരലുകൾക്കിടയിൽനിന്ന്
ഒഴുകിയതു
കൗസറോ സംസമോ-
യെന്ന് അപ്പോ ഏതോ
കുട്ടി ചോദിച്ചു.
അപ്പം പങ്കിടാൻ
വിരലുകൾ നീട്ടിയാൽ
വിശപ്പ് കുറഞ്ഞെന്ന്
ബെല്യാക്ക പറഞ്ഞിരുന്നു.
ചന്ദ്രനിലേക്കു
ചൂണ്ടിയപ്പോ
രാത്രി രണ്ടായെന്നും.
അതു കേട്ട്
മോന്തി
ആകാശത്തേക്കു നോക്കി.
“ഇനി
ഒട്ടിച്ചിട്ട് പോയോ?”
ഉമ്മ
കുച്ചിൽനിന്ന് വിളിച്ചു.
“ആദ്യം
ചോറുണ്ണെടാ.”
യുദ്ധപ്പൊടിയിലേക്ക്
ഒരു പിടി മണ്ണ് എറിഞ്ഞ
അതേ വിരലുകൾ,
ഉസ്താദ് പെള്ളേരുടെ
തലയിൽ
തടവി.
കരഞ്ഞ
മരത്തടിയെ
ചേർത്തുപിടിച്ചു.
കല്ലുകൾക്കു
സലാം പറഞ്ഞപ്പോ
അവ കേട്ടു.
വീട്ടിൽ ബെരുമ്പോ
ചെരുപ്പ് പൊട്ടിയാൽ
സ്വന്തം വിരലുകൾക്കൊണ്ടു
തുന്നും.
അതാണ്
മോന്തിക്ക്
പിര്സെത്ത്.
മൗലിദ് രാത്രിയിൽ
നബിയുടെ
മുഅ്ജിസത്ത് പറയുമ്പോൾ
പള്ളിയിലെ
ഊദോത്തിരിപ്പുകയിൽ
മദീന മണമടിക്കും.
വെള്ളം തീർന്ന
ചെമ്പുകിണ്ടിയിലേക്ക്
പെള്ളേരൊക്കെ
ഒളിഞ്ഞുനോക്കും.
ഇനിയും
വിരലുകൾക്കിടയിൽനിന്ന്
വെള്ളം ബെന്നാൽ,
ആദ്യം കുടിക്കണോ
അതോ
ഉമ്മാക്ക് കൊണ്ടുപോവാണോന്ന്
ആലോചിച്ച് നിക്കും.
ഉസ്താദ്
മൗലിദിന്റെ ഏട് മടക്കുമ്പോ,
എല്ലാരും
എൺച്ചുനിക്കും.
മുസ്വലാത്ത് തുടങ്ങും.
“സ്വല്ലി വസല്ലിം…”
അപ്പോൾ
അഞ്ചു വിരലുകൾ ചേർത്തു
നെഞ്ചിൽ വെച്ച മോന്തിക്ക്
മനസ്സിലാകും
അന്നത്തെ
വെള്ളം തീർന്നിട്ടില്ല.
നബിയുടെ വിരലുകളിൽനിന്ന്
ഒഴുകിയ
ബറകത്ത്
ഇപ്പോഴും
മുസ്വലാത്തിന്റെ ഇടയിൽ
കേരളക്കരയിലേക്കു
ചെറുചാലായി
ബെര്ന്നോണ്ടിരിക്കുന്നു.
മോല്യായാര് ചൊല്ലി.
“സ്വല്ലി വസല്ലിം…”
മോന്തി പറഞ്ഞു:
“വെള്ളം തീർന്നിട്ടില്ല…”
2
മൗലിദിന്റെ പത്ത് വന്നാൽ
മസ്ജിദിന്റെ മുന്നിലെ
മണൽമുറ്റത്തു
പള്ളിക്കമ്മിറ്റിക്കാരു
പന്തലിന്റെ കാലു കുഴിക്കും.
നൂലും കെട്ടി
നേരെ നിക്കാത്ത കസേരകളെ
നേരെയാക്കും.
പള്ളിക്കകത്തു
മക്കള്
മൈക്കിന്റെ വയര്
ചവിട്ടാതിരിക്കാൻ
ഉസ്താദ് പറയും.
മൗലിദ് ഏടിൽ
നബിന്റെ പേരെത്തുമ്പോൾ
പുള്ളര്
ഒരുത്തനൊരുത്തൻ
മുഖം നോക്കും.
“സ്വല്ലി...”
പിറ്റേന്നു
പള്ളിയുടെ പിന്നിലെ
കിണറ്റിനടുത്തു നിന്ന
മോന്തി ചോദിച്ചു.
“ഉസ്താദേ,
അതെത്ര ഗ്ലാസിൽ
നിറക്കാം?”
ഉസ്താദ്
ചിരിച്ചില്ല.
ഏടടച്ച്
കുറച്ചുനേരം
അവനെ നോക്കി.
“കുടിച്ചവരുടെ
ദാഹം തീരുന്നത്ര.”
അന്ന് രാത്രി,
ഉമ്മ ചോദിച്ചു.
“നീ രാത്രി കിണറ്റിൽ
എന്തെടുക്കാൻ പോയി?”
“ഒന്നുമില്ല.”
“പിന്നെ?”
“നബിയുടെ കൈ
എങ്ങനെയിരിക്കുമെന്ന്
നോക്കാൻ.”
ഉമ്മ
അവന്റെ കൈപ്പത്തി തുറന്നു.
മണ്ണും
കിണറ്റുവെള്ളവും
പിടിച്ചുകിടക്കുന്ന
ഒരു കുപ്പി.
അത് മെല്ലെ
നെഞ്ചോട് ചേർത്ത്
“സ്വല്ലി അലാ...”
എന്ന് മാത്രം പറഞ്ഞു.
മൂടി തുറന്നു
മണം നോക്കി
അവൻ ചോദിച്ചു
“ഉമ്മാ,
മദീനയിലെ വെള്ളത്തിനും
ഇതുപോലെ
തണുപ്പുണ്ടാവോ?”
