സൗറിന്റെ മുന്നിൽ
നുബുവ്വത്തിന്റെ നൂറി-
ലാറു പ്രാക്കുഞ്ഞു വിരിഞ്ഞു.
പ്രാവുമ്മ ചിറകാൽ
ചൂടുവിരിച്ചിട്ടു
മുഅ്ജിസത്തിന്റെ
കൂടു നെയ്ത
കഥ പുതച്ചിട്ടു.
കാറ്റുവന്നണയ്ക്കാൻ നേരം
നൂറിനായ് കാവലൊരുക്കിയത്രേ!
മുജ്ജന്മ പുണ്യം
കിനാക്കണ്ടന്നു രാത്രി
പ്രാക്കുഞ്ഞു കൊക്കിൽ
സ്വലാത്ത് കുറുകി.
തലകുനിച്ചൊരു പാമ്പന്നു
സൗറിലെ മാറാല നീക്കി,
നബിയോരബുബക്കറിൽ
ത്വബീബായതും,
പടച്ചോൻ “മഅനാ” യരുളിയതും...
നബി പോയിടത്തു
വിരുന്നുപോകാമെന്നു ചൊന്നുമ്മ-
യൊരുരുളകൂടി
വെച്ചുതന്നു കൊക്കിൽ.
സൗർ ഖിസ്സകേറി
പ്രാക്കുഞ്ഞു മുഹാജിറായി,
മദീനത്തൊരു ഷജറിൽ
നാലാളു കാണുന്നിടത്തൊരു
കൂടായി, കൂട്ടായി.
പോകുന്ന വഴിയിൽ
പൂതിപൂണ്ട സ്വഹാബ്
കുഞ്ഞുങ്ങളെ കൊണ്ടുപോയെങ്കിൽ...
നൂറിന്റെ മുന്നിൽ കാഴ്ചവെച്ചെങ്കിൽ...
ത്വവാഫിലാകുമായിരുന്നുവാ-
നൂറേൽക്കുവോളം,
റഹ്മത്തിനുപമയാവുവോളം.
ഹറമിൽ,
മുജ്ജന്മ പുണ്യത്തിൻ
സുകൃതത്തിനായ്
നേർച്ചയേകിയ
ഗോതമ്പുമണികളിൽ
നിയ്യത്താക്കി
പ്രാക്കുഞ്ഞു കൊക്കിൽ
സ്വലാത്ത് കുറുകി.
