മുഹമ്മദ് റിയാസ് ചെങ്ങണക്കാട്ടിൽ ഗെന്റ് സർവകലാശാലയിലെ ഭാഷകളും സംസ്കാരങ്ങളും വകുപ്പിൽ പോസ്റ്റ്ഡോക്ടറൽ ഫെലോ ആണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ഡൽഹിയിലെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിൽനിന്ന് ദക്ഷിണേഷ്യൻ സംസ്കാരത്തിലും ചരിത്രത്തിലും പ്രത്യേക പഠനം നടത്തി 2024ൽ പി.എച്ച്.ഡി നേടി. അറബിക്, മലയാളം, അറബി-മലയാളം, ഉറുദു, പേർഷ്യൻ, ഒട്ടോമൻ തുർക്കിഷ്, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ചരിത്ര രേഖകളും വിവരണങ്ങളും, ദക്ഷിണേഷ്യയിൽനിന്ന്, പ്രത്യേകിച്ച് മലബാർ, മദ്രാസ്, ഹൈദരാബാദ് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് മക്കയിലേക്കുള്ള തീർത്ഥാടനത്തിന്റെ പശ്ചാത്തലത്തിൽ, കുടിയേറ്റത്തിന്റെ ദീർഘകാല പ്രക്രിയകൾ, ആഗോള മുസ്ലിം ശൃംഖലകൾ തുടങ്ങിയ താൽപര്യങ്ങളാണ് അദ്ദേഹത്തിന്റെ ഗവേഷണ മേഖലകൾ. ഹജ്ജ് വിവരണങ്ങളും ഇന്ത്യൻ മഹാസമുദ്ര മുസ്ലിം സാഹിത്യവും; തീർത്ഥാടകരുടെ ഓർമക്കുറിപ്പുകളിലെ 'ഞങ്ങൾ-രൂപീകരണം'; അദൃശ്യമായ വിശുദ്ധ ഇടവും ജിന്ന് പള്ളികളും; ആദ്യകാല ഇസ്ലാമിക കാലഘട്ടത്തിലെ കലാപവും നിർമിത ചുറ്റുപാടുകളുടെ രാഷ്ട്രീയവും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ അദ്ദേഹം പ്രസിദ്ധീകരണങ്ങൾ നടത്തിയിട്ടുണ്ട്. 'സെയിലിംഗ് ടു ദ ഹിജാസ്: നാരറ്റിവൈസേഷൻ ഓഫ് ഹജ്ജ് ഇൻ ദ ലിറ്റററി ഇന്ത്യൻ ഓഷ്യൻ' എന്ന അദ്ദേഹത്തിന്റെ പ്രബന്ധം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവിൽ, 'ഹബ്സ് ഓഫ് ഫെയ്ത്ത് ഇൻ ദ ഇന്ത്യൻ ഓഷ്യൻ: മുസ്ലിം മൊബിലിറ്റീസ് ആൻഡ് ട്രാൻസ് റീജിയണൽ സേക്രഡ് ടോപ്പോഗ്രാഫീസ് ഇൻ ആൻഡ് ബിയോണ്ട് മലബാർ' എന്ന തലക്കെട്ടിൽ പോസ്റ്റ്ഡോക്ടറൽ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു. 'ദ മോസ്ക്വസ് ഓഫ് കേരള: ആർട്ടിസ്റ്റിക് വോക്കാബുലറീസ് ഇൻ ദ ഐഡന്റിറ്റി-ബിൽഡിംഗ് ഓഫ് മുസ്ലിം കമ്മ്യൂണിറ്റീസ്' എന്ന എഫ്.ഡബ്ല്യു.ഒ പദ്ധതിയുടെ ഭാഗമാണ് ഈ ഗവേഷണം.
തിബാഖ് വെബ്മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഹജ്ജ് യാത്രാവിവരണ സാഹിത്യത്തിന്റെ ചരിത്രപരമായ പരിണാമത്തെക്കുറിച്ചു താങ്കൾ വളരെ വിശദമായി എഴുതിയിട്ടുണ്ട്. ദക്ഷിണേഷ്യയിൽനിന്നുള്ള ആദ്യകാല ഹജ്ജ് യാത്രവിവരണങ്ങൾ കേവലം ആത്മീയ അനുഭവങ്ങൾക്കൊപ്പം അക്കാലത്തെ സാമൂഹിക പശ്ചാത്തലത്തെയും അടയാളപ്പെടുത്തിയിരുന്നു. ഈ രചനകൾ രൂപപ്പെടുത്തിയ ആശയലോകം ആധുനിക ഹജ്ജ് യാത്രകളിൽനിന്ന് ഏറെ വ്യത്യസ്തമാണ്. വ്യത്യസ്ത കാലഘട്ടങ്ങളിലെ രാഷ്ട്രീയ സാമൂഹിക വ്യവഹാരങ്ങൾ ഈ ഹജ്ജെഴുത്തുകളെ സ്വാധീനിച്ചത് എങ്ങനെയെന്ന് വിശദീകരിക്കാമോ?
തിബാഖിൽ ഞാന്‍ ചെയ്തത് വളരെ ലളിതമായൊരു നിരീക്ഷണമാണ്. ഹജ്ജ് യാത്രവിവരണങ്ങൾ എന്ന ആഖ്യാന ശാഖതന്നെ നമുക്ക് ഒരു ചരിത്ര പ്രക്രിയ വെളിപ്പെടുത്തിത്തരുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഇത്തരം ഹജ്ജ് യാത്രാവിവരണങ്ങൾ വിവരണങ്ങൾ കേവലം ആത്മീയതമാത്രമല്ല പറഞ്ഞിരുന്നത്. അവ യാത്രയുടെ സാമൂഹികവും രാഷ്ട്രീയവുമായ വശങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയാതായി കാണാം. തീർത്ഥാടകർ തങ്ങൾ കണ്ടുമുട്ടിയ ആളുകളെക്കുറിച്ച് വിവരിച്ചും സന്ദർശിച്ച സ്ഥലങ്ങളുടെ രാഷ്ട്രീയാവസ്ഥ രേഖപ്പെടുത്തിയും ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചകൾ വിശദമാക്കിയും സാമൂഹിക രാഷ്ട്രീയ വ്യവഹാരങ്ങളിൽ വ്യാപൃതരായിരുന്നു. ഹജ്ജിന്റെ മതപരമായ കാര്യങ്ങൾക്കു പകരം മക്കയിലെ ജനങ്ങളുടെ ജീവിതരീതികളും ഭരണാധികാരികളുമായുള്ള ഇടപെടലുകളും അവർ രേഖപ്പെടുത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടോടെ ഈ വിവരണങ്ങളില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. കൊളോണിയൽ വിരുദ്ധ രാഷ്ട്രീയവും പാൻ-ഇസ്ലാമിക് ആശയങ്ങളും അവയിൽ ഇടംപിടിച്ചു. ചില എഴുത്തുകാർ ഹജ്ജിനെ ഒരു രാഷ്ട്രീയ വേദിയായി കണ്ടു. ദേശീയതയെ വിമർശിക്കുകയും വിഭാഗീയ രാഷ്ട്രീയത്തിനപ്പുറമുള്ള ഒരു സാമുദായിക രാഷ്ട്രീയത്തിനുവേണ്ടി വാദിക്കുകയും ചെയ്ത എഴുത്തുകാരുണ്ട്. മറ്റുചിലരാകട്ടെ അതിനെ ന്യൂനപക്ഷ സംരക്ഷണത്തിനുള്ള അവസരമായി വീക്ഷിച്ചതായി കാണാം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം എഴുതപ്പെട്ട ഒരു മലയാള കൃതിയിൽ ആഗോള മുസ്ലിം സംഗമത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കാനുള്ള ഒരു വേദിയായി കാണുന്നുണ്ട്.
അങ്ങനെ നോക്കുമ്പോൾ, ഓരോ കാലഘട്ടത്തിന്റെയും രാഷ്ട്രീയ-സാമൂഹിക വ്യവഹാരങ്ങൾ ഇത്തരം എഴുത്തുകളുടെ രൂപത്തെയും ഉള്ളടക്കത്തെയും നേരിട്ട് സ്വാധീനിച്ചിട്ടുണ്ട്. മുഗൾ സാമ്രാജ്യത്തിന്റെ തകർച്ച, കൊളോണിയൽ ശക്തികളുടെ ഉയർച്ച, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ, ഇന്ത്യയുടെ വിഭജനം തുടങ്ങിയ കാര്യങ്ങളെല്ലാം ഹജ്ജെഴുത്തുകളിൽ പ്രതിഫലിചിരുന്നു. തീർത്ഥാടകർ തങ്ങളുടെ യാത്രയ്ക്കിടെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ രാഷ്ട്രീയ സംഭവങ്ങൾ എഴുതി. അവർ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ രേഖപ്പെടുത്തി. ചിലർ ഭരണാധികാരികളെ വിമർശിച്ചു. മറ്റുചിലർ കൊളോണിയൽ ശക്തികൾക്കെതിരെ പ്രതിഷേധിച്ചു. ഇങ്ങനെ നോക്കുമ്പോൾ, സത്യത്തിൽ ഹജ്ജ് വിവരണങ്ങൾ അവ എഴുതപ്പെട്ട കാലഘട്ടത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിന്റെ അമൂല്യ രേഖകളായിരുന്നു. 1946ലെ ഹജ്ജിനെകുറിച്ച് വയനാട്ടിൽനിന്നുള്ള പള്ളിയാൽ മൊയ്തു ഹാജി മലയാളത്തിൽ എഴുതിയ 'ഞാൻ കണ്ട അറേബ്യ’വരെ ഈ പാരമ്പര്യം തുടരുന്നുണ്ട്. എന്റെ ഗവേഷണത്തിൽ ഞാൻ ഹജ്ജ് വിവരണം വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. ഒരു മലബാരി തീർത്ഥാടകന്റെ യാത്രയെ തെക്കുകിഴക്കൻ ഏഷ്യ, കൊളംബോ, അറബ്, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള മുസ്ലിം രാഷ്ട്രീയ നേതാക്കളുമായി ഇടപെടലിലും സംവദിക്കലിലും കൊണ്ടുവരിക എന്നതായിരുന്നു എന്റെ ലക്ഷ്യം. അദ്ദേഹം ഒരു ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് യാത്ര ചെയ്തത്. അദ്ദേഹത്തിന്റെ വിവരണത്തിൽ യുദ്ധാനന്തര രാഷ്ട്രീയവും മുസ്ലിം ഐക്യത്തിന്റെ ആവശ്യകതയും ചർച്ചചെയ്യപ്പെട്ടിരുന്നു. അങ്ങനെ നോക്കുമ്പോൾ, ഹജ്ജെഴുത്തുകളുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് തീര്‍ത്ഥാടനം ഒരിക്കലും രാഷ്ട്രീയത്തിന് അതീതമായിരുന്നില്ലെന്നാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യ വിവരണങ്ങൾമുതൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യംവരെ, ഓരോ ഹജ്ജ് വിവരണവും അതിന്റെതായ രീതിയിൽ ലോകത്തെ രേഖപ്പെടുത്തിയതായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്.
കൊളോണിയൽ കാലഘട്ടത്തിലെ സമുദ്രമാർഗമുള്ള തീര്‍ത്ഥാടനം തീർത്തും ദുഷ്കരമായ ഒരു അനുഭവമായിരുന്നുവെന്ന് അതേ ലേഖനത്തിൽ നിരീക്ഷിക്കുന്നുണ്ട്. ആ കാലത്ത് ബ്രിട്ടീഷ് ഭരണകൂടം ഏർപ്പെടുത്തിയ പാസ്പോർട്ടുകളും മെഡിക്കൽ പരിശോധനകളും യാത്രകളെ വലിയ രീതിയിൽ നിയന്ത്രിച്ചിരുന്നു. ഇത്തരം നിയന്ത്രണങ്ങൾ വിശ്വാസികളുടെ യാത്രകളെയും അവരുടെ മാനസികാവസ്ഥയെയും പലവിധത്തിൽ സ്വാധീനിച്ചു. ആധുനിക ഗതാഗത സൗകര്യങ്ങൾക്കുമുമ്പുള്ള ഈ കൊളോണിയൽ നിയന്ത്രണങ്ങൾ ഹജ്ജ് എന്ന ആത്മീയ സംഗമത്തെ ഏതെല്ലാം രീതിയിലാണ് മാറ്റങ്ങൾക്കു വിധേയമാക്കിയത്?
കോളോണിയൽ നിയന്ത്രണങ്ങൾ ഹജ്ജിനെ ഒരു ആത്മീയ യാത്രയിൽനിന്ന് ഒരു ബ്യൂറോക്രാറ്റിക് പ്രക്രിയയാക്കി മാറ്റിയെന്നാണ് എനിക്ക് തോന്നുന്നത്. ഈ മാറ്റം എങ്ങനെയാണ് സംഭവിച്ചതെന്ന് വിശദമായിത്തന്നെ പറയാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബ്രിട്ടീഷ് ഭരണകൂടം ഏർപ്പെടുത്തിയ പാസ്പോർട്ടും മെഡിക്കൽ പരിശോധനയും ഇല്ലാതെ ആരും യാത്ര പുറപ്പെടാത്ത അവസ്ഥ വന്നിരുന്നു. ഇതിനുമുമ്പ് കടൽ മാർഗമുള്ള ഹജ്ജ് യാത്രകൾ കുടുംബങ്ങളുടെയും വ്യാപാരികളുടെയും കപ്പൽനായകരുടെയും സ്വകാര്യ ക്രമീകരണങ്ങളായിരുന്നു. ഒരു കപ്പൽനായകനുമായി ഇടപാട് നടത്തി, കൂലി നിശ്ചയിച്ച് യാത്ര പുറപ്പെടുക. കൊളോണിയൽ കാലത്ത് അത് സർക്കാർ നിയന്ത്രണത്തിലായി. പാസ്പോർട്ട് വേണം. മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം. കപ്പൽ കയറുന്നതിനുമുമ്പ് പരിശോധനകൾ വേണം. ഇത്തരം കാര്യങ്ങളെല്ലാം തന്നെ തീര്‍ത്ഥാടകരിൽ വലിയ മാനസിക സമ്മർദ്ദം സൃഷ്ടിച്ചിട്ടുണ്ട്. പല വിവരണങ്ങളിലും ഈ ഭീതി വർണിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ മുൻപിൽ നിൽക്കേണ്ടി വന്നത്, അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നത്, പലപ്പോഴും അപമാനിക്കപ്പെട്ടത് തുടങ്ങിയ ഒരുപാട് അപമാനങ്ങൾക്ക് കൊളോണിയൽ കാലത്ത് ഹാജിമാർ വിധേയമായിരുന്നു.
എന്നാൽ, ഇതിലും കടുത്തതായിരുന്നു ശുചിത്വ നിയന്ത്രണങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യംമുതൽ ദക്ഷിണേഷ്യയിൽനിന്നുള്ള തീര്‍ത്ഥാടകർ കോളറയുടെയും പ്ലേഗിന്റെയും വാഹകരായി ആരോപിക്കപ്പെട്ടു. ബ്രിട്ടീഷ് മെഡിക്കൽ ഓഫീസർമാരും ഒട്ടോമൻ അധികാരികളും അവരെ അഴുക്കും ദുർഗന്ധവും പടർത്തുന്നവരായി ചിത്രീകരിചിരുന്നു. 'ഇന്ത്യൻ തീര്ത്ഥാടകൻ' എന്നത് ഒരു മെഡിക്കൽ ഭീഷണിയുടെ പര്യായമായി മാറിയ സമയം. 1886-ഓടെ ഒട്ടോമൻ, ബ്രിട്ടീഷ് സാമ്രാജ്യങ്ങൾ ഒരു പുതിയ അന്താരാഷ്ട്ര ശുചിത്വ രാഷ്ട്രീയം ഏർപ്പെടുത്തി. ചെങ്കടലിന്റെ തെക്കൻ അറ്റത്തുള്ള ഒരു ദ്വീപ് ക്വാറന്റൈൻ കേന്ദ്രമായി സ്ഥാപിക്കപ്പെട്ടു. 'ആരോഗ്യത്തിന്റെ ദ്വീപ്' എന്ന് വിളിക്കപ്പെട്ട ആ സ്ഥലത്ത്, തീര്‍ത്ഥാടകർ കടുത്ത മെഡിക്കൽ നടപടികൾക്കു വിധേയരായതായി കാണാം.
ഒരു തീര്‍ത്ഥാടകന്റെ വിവരണത്തിലുള്ളത് ഇങ്ങനെയാണ്: "We have literally become naked skeleton in the island of health!" അവർ അവിടെ ദിവസങ്ങളോളം തടഞ്ഞുവെക്കപ്പെട്ടു. അവരെ വിവസ്ത്രരാക്കി ശരീരം മുഴുവൻ പരിശോധിcതിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ട ആളുകളെ മറ്റൊരിടത്തേക്കു മാറ്റി. കുടിവെള്ളം അപര്യാപ്തമായിരുന്നു. ഭക്ഷണം കിട്ടിയിരുല്ല. ചിലർ ദാഹംകൊണ്ടു വലഞ്ഞു. മറ്റുചിലർ വിശപ്പുകൊണ്ടു തളർന്നു. പലരും അവിടെത്തന്നെ മരിച്ചുവീണു. മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യപ്പെട്ടവിധംപോലും അവരെ ഞെട്ടിച്ചു. ഈ അനുഭവങ്ങളെല്ലാം ഒരു ഹജ്ജ് യാത്രയുടെ ഭാഗമായിരുന്നു.
ഈ കൊളോണിയൽ നിയന്ത്രണങ്ങൾ മൂന്നു തരത്തിൽ ഹജ്ജിനെ മാറ്റിമറിച്ചതായി എനിക്ക് തോന്നിയിട്ടുണ്ട്. ഒന്ന്, യാത്ര കൂടുതൽ ദൈർഘ്യമേറിയതും ചെലവേറിയതുമായി. ക്വാറന്റൈനിൽ കഴിയേണ്ടി വന്നത് യാത്രയുടെ സമയം വർധിപ്പിച്ചു. ചിലപ്പോൾ ആഴ്ചകൾ, ചിലപ്പോൾ മാസങ്ങൾ. ഈ സമയപരിധിയാകട്ടെ ഹജ്ജിന്റെ ചെലവു കൂട്ടി. പാവപ്പെട്ട തീര്‍ത്ഥാടകർക്ക് ഇത് വലിയ ബാധ്യതയായിരുന്നു. രണ്ട്, തീര്‍ത്ഥാടകരുടെ മനസ്സിൽ സ്ഥിരമായ ഭീതി സൃഷ്ടിക്കപ്പെട്ടു. ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഭയപ്പെട്ടു. പരിശോധനകളെ ഭയപ്പെട്ടു. രോഗത്തെ ഭയപ്പെട്ടു. ക്വാറന്റൈനെ ഭയപ്പെട്ടു. മരണത്തെപ്പോലും ഭയപ്പെട്ടു. മൂന്ന്, ഹജ്ജിനെക്കുറിച്ചുള്ള തീര്‍ത്ഥാടകരുടെ ധാരണതന്നെ മാറി. ചിലർ ഈ നിയന്ത്രണങ്ങളെ ദൈവത്തിന്റെ പരീക്ഷണമായി കണ്ടു. അവർ ക്വാറന്റൈനിൽ കഴിയുന്നതിനെ ഒരു ആത്മീയ അനുഭവമാക്കി മാറ്റി. കഷ്ടപ്പാടുകൾ സഹിച്ചത് പാപമോചനത്തിനാkക്കി മാറ്റി. രോഗം വന്നത് ദൈവത്തിന്റെ ഇച്ഛയാലായി. മറ്റുചിലർ ഈ നിയന്ത്രണങ്ങളെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പുതിയ അടിച്ചമർത്തൽ രീതിയായി കണ്ടു. അവർ തങ്ങളുടെ വിവരണങ്ങളിൽ ഇതിനെതിരെ പ്രതിഷേധിക്കുകയും ബ്രിട്ടീഷ് ഭരണത്തെ വിമർശിkക്കുകയും ചെയ്തു. ഒട്ടോമൻ അധികാരികളെ കുറ്റപ്പെടുത്തി. ഇങ്ങനെ നോക്കുമ്പോൾ, ഹജ്ജ് എന്ന ആത്മീയ സംഗമം ഒരു രാഷ്ട്രീയ-ബ്യൂറോക്രാറ്റിക് അനുഭവംകൂടിയായിരുന്നു. ക്വാറന്റൈൻ കേന്ദ്രങ്ങളും പാസ്പോർട്ട് നിയമങ്ങളും മെഡിക്കൽ പരിശോധനകളും ഹജ്ജ് യാത്രയുടെ അവിഭാജ്യ ഘടകങ്ങളായി. ഓരോ തീര്‍ത്ഥാടകനും ഈ നിയന്ത്രണങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. ഓരോ വിവരണവും ഈ നിയന്ത്രണങ്ങളെ രേഖപ്പെടുത്തി. ചിലർ ഭയപ്പെട്ടു. ചിലർ പ്രതിഷേധിച്ചു. ചിലർ അംഗീകരിച്ചു. എങ്ങനെയായാലും, കൊളോണിയലിസം ഹജ്ജിനെ എന്നന്നേക്കുമായി മാറ്റിമറിച്ചുവെന്ന് പറയാം.
ഹജ്ജ് യാത്രകൾ കേവലം ശാരീരികമായ സഞ്ചാരങ്ങൾക്കപ്പുറം വിശാലമായൊരു അന്തർദേശീയ ബന്ധം രൂപപ്പെടുത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. അബ്ദുൽ മജീദ് ദരിയാബാദിയെപോലുള്ളവരുടെ രചനകളിൽ സാമ്രാജ്യത്വ വിരുദ്ധവും പാൻ-ഇസ്ലാമികവുമായ ആശയങ്ങൾ പ്രകടമായിരുന്നുവല്ലോ. മതക്രിയാ ബിംബങ്ങളെ മുന്‍നിർത്തി പുതിയ സാമൂഹികതകളെയും സ്വത്വങ്ങളെയും നിർമിക്കാൻ ഇത്തരം ആശയവിനിമയങ്ങൾ അവസരമൊരുക്കുന്നു. കൊളോണിയൽ ആധിപത്യത്തിനെതിരായ ഒരു പ്രതിരോധ തന്ത്രമായി ഇത്തരം ഹജ്ജ് വിവരണങ്ങൾ മാറിയതിനെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്?
എന്റെ പ്രധാനപ്പെട്ടൊരു വാദമാണിത്. ഹജ്ജ് ഒരു രാഷ്ട്രീയ ഇടപെടൽക്കൂടിയാണ്. മുൻകാലങ്ങളിലെ ഹജ്ജ് ചരിത്രം പരിശോദിച്ചാൽ നമുക്ക് ഈ കാര്യം വ്യകതമാവും. പുതിയ കാലത്ത് നില മെച്ചപ്പെട്ട അവസ്ഥയിലാണ്. അബ്ദുൽ മജീദ് ദരിയാബാദിയുടെ 'സഫർനാമ-ഇ-ഹജ്ജ്' എടുത്തുനോക്കുക. ദേശീയതയെ വിമർശിക്കുകയും വിഭാഗീയ രാഷ്ട്രീയത്തിന് അപ്പുറമുള്ള ഒരു സാമുദായിക രാഷ്ട്രീയത്തിനുവേണ്ടി വാദിക്കുകയും ചെയ്യുന്നു. "മതപ്രതിബദ്ധതയിലേക്കുള്ള തിരിച്ചുവരവ് ആധുനികതയോടും ആഗോളവൽക്കരണത്തോടും ഏറ്റുമുട്ടൽ സാധ്യമാക്കും" എന്ന് അദ്ദേഹം പറയുന്നു. 1946-ൽ മൊയ്തു ഹാജി എഴുതിയ ‘ഞാൻ കണ്ട അറേബ്യ’യും ഇതുപോലെയാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, മുസ്ലിം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള അവസരമായി അദ്ദേഹം ഹജ്ജിനെ കണ്ടു. അദ്ദേഹം മക്കയിലെയും വിദേശത്തെയും മുസ്ലിം സംഘടനകളുടെ കൊളോണിയൽ വിരുദ്ധ നിലപാടുകളെ പ്രശംസിച്ചു. ഞാൻ ഇതിനെ 'ബദൽ രാഷ്ട്രീയം' എന്നാണ് വിളിക്കുന്നത്.
മക്കയുടെ ചരിത്രം പുണ്യഭൂമിയെ മാത്രം കേന്ദ്രീകരിച്ചായിരുന്നു. അതില്‍ പണ്ഡിതന്മാരും നേതാക്കളും ഉന്നതരുംമാത്രം. എന്നാല്‍ മറ്റുചില ആളുകളുമുണ്ട്. അവരുടെ യത്നം ഇല്ലാതെ ഹജ്ജ് ഇത്രയും ചടുലതയിൽ നടക്കുമായിരുന്നില്ല. മതകീയ ആചാര്യന്മാർക്കും നേതാക്കൾക്കും തീര്ത്ഥാടകർക്കുമപ്പുറം ഹജ്ജ് സാധ്യമാക്കിയത് ആരാണ്? അറവുകാർ, ക്ഷുരകന്മാര്, വെള്ളം ചുമന്നവർ, ഒട്ടകത്തെ തെളിച്ചവർ. പട്ടിണി കിടന്ന പാവപ്പെട്ട തീര്‍ത്ഥാടകർ... ഇവരുടെ അധ്വാനമില്ലായിരുന്നെങ്കിൽ ഹജ്ജ് കൂടുതൽ സൗകര്യപ്രദമായി നടക്കുമായിരുന്നില്ല. എങ്കിലും ചരിത്രരേഖകളിൽ അവർ അദൃശ്യരായി. അറവുതൊഴിലാളികളെക്കുറിച്ച് ചരിത്രമില്ല. ക്ഷുരകന്മാർക്ക് പേരില്ല. വെള്ളം ചുമന്നവരുടെ ജീവിതം ആർക്കും അറിയില്ല. മദ്ധ്യകാല ഹജ്ജ് വിവരണങ്ങളിൽ ചിലപ്പോൾ ഇവരെക്കുറിച്ചുള്ള പരാമർശങ്ങൾ കടന്നുവരും. അവർ ബലിമൃഗത്തെ എങ്ങനെ അറുത്തു. ഒരു ക്ഷുരകൻ മുടി എങ്ങനെ വെട്ടിക്കൊടുത്തു. ഒരു വെള്ളം ചുമക്കുന്നവൻ എങ്ങനെ കഷ്ടപ്പെട്ട് അത് വിതരണം ചെയ്തു. ഈ ചെറിയ കുറിപ്പുകളെല്ലാം വിലപ്പെട്ടതാണ്.
കാരണം അവ നമ്മെ ഒരു യാഥാർഥ്യത്തിലേക്കു കൊണ്ടുപോകുന്നുണ്ട്. സേവകരും ക്ഷുരകന്മാരും വെള്ളം ചുമക്കുന്നവരും എല്ലാം സാമൂഹികമായും നിയമപരമായും പാർശ്വവൽക്കരിക്കപ്പെട്ടവരായിരുന്നു. അവരുടെ കുട്ടികൾക്കു വിദ്യാഭ്യാസമില്ലായിരുന്നു. അവർ താഴ്ന്ന ജാതിയിലായിരുന്നു. അവരില്ലാതെ പുണ്യനഗരത്തിന്റെ ആത്മീയവും ദൈനംദിനവുമായ ജീവിതം തളർന്നുപോകും. അവരാണ് ഹറമിന്റെ മണം വൃത്തിയാക്കിയത്. അവരാണ് ബലിമാംസം വിതരണം ചെയ്തത്. അവരാണ് ദാഹിച്ചവർക്കു വെള്ളം നൽകിയത്. അവരാണ് യാത്രക്കാരെ ചുമന്നത്. അവരാണ് ആചാരങ്ങൾ പൂർത്തിയാക്കാൻ സഹായിച്ചത്.
ഹജ്ജ് വിവരണങ്ങൾ വായിക്കുമ്പോൾ എന്നെ ഏറ്റവും അസ്വസ്ഥനാക്കുന്ന ഒരു കാര്യമുണ്ട്. പുണ്യനഗരിയുടെ തെരുവോരങ്ങളിൽ കാണപ്പെടുന്ന യാചകരും പാവപ്പെട്ട തീര്‍ത്ഥാടകരും. ഹജ്ജിനെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങൾ പലപ്പോഴും മനോഹരമാണ്. വെളുത്ത വസ്ത്രങ്ങൾ. ഏകദേശ സാഹോദര്യം. ഭക്തിയുടെ പരമകാഷ്ഠ. എന്നാൽ, പഴയകാല രേഖകൾ നോക്കുമ്പോൾ ഈ ചിത്രത്തിനുപിന്നിൽ മറ്റൊരു യാഥാർഥ്യമുണ്ട്. ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും ഒരു ലോകം.
പല വിവരണങ്ങളിലും ഞാൻ ഇത് കണ്ടിട്ടുണ്ട്. തെരുവുകളിൽ നിരവധി യാചകർ. അവർ കൈ നീട്ടുന്നു. അവർ യാചിക്കുന്നു. ചിലർ രോഗികളാണ്. ചിലർ വൃദ്ധരാണ്. ചിലർ ഊനമുള്ളവരാണ്. മറ്റുചിലർ കുട്ടികളാണ്. അവർക്കു മക്കയിലേക്കു വരാൻ കഴിഞ്ഞു. പക്ഷെ, തിരികെ പോകാൻ വകയില്ല. അവരുടെ പണം തീർന്നു. അവരുടെ ബന്ധുക്കൾ അവരെ ഉപേക്ഷിച്ചു. അവർക്കു ഭക്ഷണം വേണം. പാർപ്പിടം വേണം. ഔഷധം വേണം. എന്നാൽ, ആർക്കും അവരെക്കുറിച്ച് വിവരമില്ല. അവർ തെരുവിൽ കിടക്കുന്നു, യാചിക്കുന്നു, മരിക്കുന്നു.
ഇതിലും ദാരുണമായ ഒരു കാഴ്ചയുണ്ട്. ചില പാവപ്പെട്ട തീര്‍ത്ഥാടകർ ബലിമൃഗങ്ങളുടെ അവശിഷ്ടങ്ങൾ ശേഖരിക്കുന്നത്. ഹജ്ജിന്റെ സമയത്തു ലക്ഷക്കണക്കിനു മൃഗങ്ങളെ ബലി കഴിക്കുന്നു. അവയുടെ മാംസം വിതരണം ചെയ്യുന്നു. എന്നാൽ, അവശേഷിക്കുന്ന തോലും എല്ലും കൊഴുപ്പും. ഈ അവശിഷ്ടങ്ങൾ വലിയ അളവിൽ തെരുവുകളിൽ വീണുകിടക്കും. ഈ അവശിഷ്ടങ്ങൾ ശേഖരിക്കുന്ന ആളുകളുണ്ട്. അവർ അവ വിൽക്കുന്നു. അതിൽനിന്ന് കുറച്ചു വരുമാനം ഉണ്ടാക്കുന്നു. ഇവരിൽ പലരും പാവപ്പെട്ട തീര്‍ത്ഥാടകരാണ്. അവർ മറ്റു വഴികളൊന്നുമില്ലാതെ ഈ ജോലി ചെയ്യുന്നു. ഒരു തീര്ത്ഥാടകൻ വിവരിക്കുന്നു: "ഞാൻ ഒരു വൃദ്ധനെ കണ്ടു. അദ്ദേഹം ബലിമൃഗത്തിന്റെ തോൽ അടുക്കിവെക്കുകയായിരുന്നു. ആകെ കിട്ടിയ പ്രതിഫലം കുറച്ചു നാണയങ്ങൾ. അദ്ദേഹത്തിനു ദാഹിച്ചു. എന്നാൽ, കുടിക്കാൻ വെള്ളംപോലും ഇല്ലായിരുന്നു." മറ്റൊരു വിവരണത്തിൽ ഞാൻ കണ്ടതിങ്ങനെ: "ബലിമൃഗങ്ങളുടെ ശവശരീരങ്ങൾ തെരുവോരങ്ങളിൽ കൂനകൂനയായി കിടന്നു. അവയ്ക്കു ചുറ്റും ഈച്ചകൾ. മണം അസഹനീയം. എന്നിട്ടും ചില ആളുകൾ ആ ശവങ്ങൾക്കിടയിൽ ഇരുന്നു. അവർ അവയിൽനിന്നു തോലും കൊഴുപ്പും വേർതിരിക്കുകയായിരുന്നു. അവർക്കു മറ്റു ജോലിയൊന്നും ഇല്ലായിരുന്നു." ഇത് ഹജ്ജിന്റെ ഒരു മുഖമാണ്. ആരും സംസാരിക്കാത്ത മുഖം. ചില വിവരണങ്ങളിൽ ഇവരെ 'അവശിഷ്ട ശേഖരണക്കാർ' എന്നു വിളിക്കുന്നുണ്ട്. മറ്റു ചിലതിൽ 'തെരുവ് തൊഴിലാളികൾ' എന്നും. എന്നാൽ അവർക്കൊന്നും പേരില്ല. അവരുടെ കഥകളില്ല. അവർ ആരാണെന്ന് ആർക്കുമറിയില്ല. അവർ എവിടെനിന്നു വന്നു? അവർ എങ്ങനെ മക്കയിൽ എത്തി? എന്തുകൊണ്ട് ഈ ജോലി ചെയ്യുന്നു? അവർക്ക് തിരികെ പോകാൻ കഴിയുമോ? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരമില്ല. കാരണം ആരും അവരെക്കുറിച്ച് എഴുതിയിട്ടില്ല. അവർത്തന്നെ എഴുതിയിട്ടില്ല. അവർക്ക് എഴുതാൻ അറിയില്ലായിരിക്കാം. അല്ലെങ്കിൽ എഴുതാൻ സമയമില്ലായിരിക്കാം. അതിജീവനമായിരുന്നല്ലോ അവര്‍ക്ക് പ്രധാനം.
ഈ യാഥാർഥ്യം നമ്മെ ഒരു കാര്യം ചിന്തിപ്പിക്കുന്നുണ്ട്. ഹജ്ജ് എല്ലാവർക്കും ഒരുപോലെയല്ല. ധനികന്റെ ഹജ്ജ് വ്യത്യസ്തം. ദരിദ്രന്റെ ഹജ്ജ് വ്യത്യസ്തം. ധനികൻ ഹോട്ടലിൽ താമസിക്കുന്നു. ദരിദ്രൻ തെരുവിൽ. ധനികൻ ഒന്നാം ക്ലാസ്സിൽ യാത്ര ചെയ്യുന്നു. ദരിദ്രൻ കപ്പലിന്റെ അടിത്തട്ടിൽ. ധനികൻ ബലിമൃഗത്തെ സ്വന്തമായി വാങ്ങുന്നു. ദരിദ്രൻ ബലിയുടെ അവശിഷ്ടങ്ങൾ ശേഖരിക്കുന്നു. ധനികൻ മടങ്ങുമ്പോൾ സമ്മാനങ്ങൾ വാങ്ങുന്നു. ദരിദ്രൻ മടങ്ങാനുള്ള വകയില്ലാതെ അവിടെ കുടുങ്ങിപ്പോകുന്നു. ചില വിവരണങ്ങളിൽ ഈ പാവപ്പെട്ട തീര്‍ത്ഥാടകർ പലപ്പോഴും മറ്റുള്ളവരുടെ സഹായത്തെ ആശ്രയിക്കുന്നത് ഞാൻ വായിച്ചിട്ടുണ്ട്. ചിലർ യാചിക്കുന്നു. ചിലർ ചെറിയ ജോലികൾ ചെയ്യുന്നു. ചിലർ കപ്പൽ തുറമുഖങ്ങളിൽ കൂലിപ്പണിക്കു പോകുന്നു. ചിലർ പള്ളികളിൽ കാവൽക്കാരാകുന്നു. എന്നാൽ, ഇവരിൽ ഭൂരിഭാഗവും അദൃശ്യരാണ്. അവരെ ആരും ശ്രദ്ധിക്കുന്നില്ല. അവരെ ആരും രേഖപ്പെടുത്തുന്നില്ല. അവരുടെ കഷ്ടപ്പാടുകൾക്കു സാക്ഷികളില്ല. ഒരുപക്ഷെ, ഇതാകാം ഹജ്ജിന്റെ ഏറ്റവും വലിയ വിരോധാഭാസം. ലക്ഷക്കണക്കിന് ആളുകൾ വരുന്ന പുണ്യനഗരിയിൽ ഏറ്റവും പാവപ്പെട്ടവർ ഏറ്റവും അദൃശ്യരാണ്. അവർ അവിടെയുണ്ട്. അവർ കഷ്ടപ്പെടുന്നു. അവർ ജീവിക്കുന്നു. അവർ മരിക്കുന്നു. എന്നാൽ ആരും അവരെക്കുറിച്ച് എഴുതുന്നില്ല. ഈ വിവരണങ്ങളിലൂടെ എനിക്ക് അവരുടെ മങ്ങിയ നിഴലുകൾപ്പോലും കാണാൻ കഴിയുന്നതു വലിയ ഭാഗ്യമാണ്. കാരണം, മിക്ക ചരിത്രരേഖകളിലും അവരില്ല, അവർ ഒരിക്കലും ഉണ്ടായിരുന്നില്ല എന്ന മട്ടിൽ. ഇനി തീര്‍ത്ഥാടന പഠനങ്ങൾ കൂടുതൽ ഉൾക്കൊള്ളുന്ന (Inclusive) ചരിത്രരചനയിലേക്കു നീങ്ങണം. അരുകുവൽകരിക്കപ്പെട്ട ശബ്ദങ്ങളെ കേൾക്കണം. അവരുടെ കഥകൾ പറയണം. അതില്ലാതെ ഹജ്ജ് ചരിത്രം അപൂർണമാണ്. മുകളിൽനിന്നുള്ള ചരിത്രംമാത്രം പോരാ. താഴെനിന്നുള്ള ശബ്ദങ്ങൾക്കൂടി വേണം. ആ ശബ്ദങ്ങൾ കണ്ടെത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
താങ്കളുടെ ഒരു പഠനത്തിൽ, 1948ൽ മക്കയിലേക്കു പോയ മൊയ്തു ഹാജി എഴുതിയ ഹജ്ജ് യാത്രവിവരണത്തെക്കുറിച്ചു പ്രത്യേകം പരാമർശിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള കാലഘട്ടത്തിൽ ന്യുനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഒരു ആശയവിനിമയ മാധ്യമമായി അദ്ദേഹം ഹജ്ജിനെ വീക്ഷിച്ചുകണ്ടു. ഈ കാഴ്ചപ്പാട് അന്നത്തെ പ്രാദേശിക മുസ്ലിം രാഷ്ട്രീയത്തിന്റെ ഒരു പ്രതിഫലനംകൂടിയായിരുന്നു. കേരളത്തിൽനിന്നുള്ള ഇത്തരം ആദ്യകാല ഹജ്ജെഴുത്തുകൾ സമുദായത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിതിയെ എങ്ങനെയെല്ലാമാണ് അടയാളപ്പെടുത്തുന്നത്?
എന്റെ പഠനത്തിൽ ഞാൻ പ്രത്യേകം പരാമർശിച്ച ഒരു കൃതിയുണ്ട്. 1948ൽ മൊയ്തു ഹാജി മലയാളത്തിൽ എഴുതിയ ‘ഞാൻ കണ്ട അറേബ്യ.’ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മുസ്ലിം ന്യൂനപക്ഷ രാജ്യങ്ങളിലെ സമുദായത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ശേഷി കണക്കിലെടുത്ത് ഐക്യദാർഢ്യംവേണമെന്ന് അദ്ദേഹം പറഞ്ഞു. മക്കയിലെയും വിദേശത്തെയും മുസ്ലിം സംഘടനകളുടെ കൊളോണിയൽ വിരുദ്ധ നിലപാടുകളെ പ്രശംസിച്ചു. ഈ കൃതി മലയാളത്തിലെ ആദ്യത്തെ ഹജ്ജ് വിവരണമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. അതുവരെ മലബാറിൽനിന്നുള്ള ഹജ്ജ് യാത്രകളെക്കുറിച്ചുള്ള രേഖകൾ ഉണ്ടായിരുന്നുവെങ്കിലും സ്വന്തമായി ഒരു പുസ്തകമായി എഴുതപ്പെട്ടത് ഇതാദ്യം. എന്നാല്‍, ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ഈ കൃതിക്കുശേഷം മലയാളത്തിൽ ഒരു പാരമ്പര്യംതന്നെ രൂപപ്പെട്ടു. 1956ൽ ടി. അബ്ദുൽ അസീസ് 'ഹജ്ജ് യാത്ര' എഴുതി. അദ്ദേഹം ഒരു സാമൂഹിക വിമർശകനായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഹജ്ജ് യാത്രയുടെ അനുഭവമായിരുന്നു അത്. സി.എച്ച് മുഹമ്മദ് കോയ 'എന്റെ ഹജ്ജ് യാത്ര' എഴുതി. അദ്ദേഹം ഒരു മുസ്ലിം രാഷ്ട്രീയ നേതാവും സാംസ്കാരിക പ്രവർത്തകനുമായിരുന്നു. കെ.വി.എം പന്താവൂർ 'ഹജ്ജ് യാത്ര' എഴുതി. ടി.പി കുട്ടിയമ്മു 'ഹജ്ജ് യാത്രയിലെ സാമൂഹിക ചിന്തകൾ' എഴുതി. ഇങ്ങനെ പലരും. ഓരോരുത്തരും വ്യത്യസ്തമായ കാഴ്ചപ്പാടുകളുമായി സംവദിച്ചു. ചിലർ രാഷ്ട്രീയം പറഞ്ഞു. ചിലർ ആത്മീയത പറഞ്ഞു. ചിലർ സാമൂഹിക വിമർശനം നടത്തി. ചിലർ കേവലം യാത്രാവിവരണംമാത്രം എഴുതി.
ഹജ്ജ് വിവരണങ്ങളുടെ വ്യാപ്തിയെക്കുറിച്ചു ചിന്തിക്കുമ്പോൾ അത്ഭുതപ്പെട്ടുപോകും. എത്ര ഭാഷകൾ? ഉറുദു, പേർഷ്യൻ, അറബിക്, തുർക്കിഷ്, മലയാളം, ബംഗാളി, ഗുജറാത്തി, സിന്ധി, പഷ്തോ, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്... ഇനിയും എത്രയോ ഭാഷകൾ. ഓരോ ഭാഷയിലും നൂറുകണക്കിനു വിവരണങ്ങൾ. എത്ര വർഷങ്ങൾ? എത്ര വീക്ഷണങ്ങൾ? പണ്ഡിതന്മാർ, സൂഫികൾ, വ്യാപാരികൾ, സ്ത്രീകൾ, ഡോക്ടർമാർ, കവികൾ, അടിമകൾ, അറവുകാര്, ക്ഷുരകന്മാർ, വെള്ളം ചുമന്നവർ, ഒട്ടകമോടിച്ചവർ. ഓരോരുത്തരും തങ്ങളുടെ കണ്ണുകൊണ്ടു കണ്ടത് എഴുതി. ഞാൻ ഇതുവരെ ആയിരക്കണക്കിന് ഹജ്ജ് വിവരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഓരോന്നും വ്യത്യസ്തം. ഓരോ ഭാഷയും വ്യത്യസ്തമായ ലോകം. ഉറുദു വിവരണങ്ങൾക്കു മുഗളിന്റെയും പേർഷ്യൻ വിവരണങ്ങൾക്കു കവനത്തിന്റെയും പാരമ്പര്യമുണ്ടായിരുന്നു. ഓരോ വർഷവും വ്യത്യസ്തമായ ചരിത്രം. 1857നുമുമ്പുള്ള വിവരണങ്ങൾക്കു മുഗൾ രാഷ്ട്രീയത്തിന്റെ സ്വാധീനമുണ്ടായിരുന്നു. 1857നുശേഷമുള്ളവയ്ക്ക് ബ്രിട്ടീഷ് ഭീതിയും പ്രതിരോധവും. 1947നുശേഷമുള്ളവയ്ക്ക് പുതിയ അതിർത്തികളും വിസകളും. ഒരേ വർഷംതന്നെ രണ്ട് തീര്‍ത്ഥാടകർ എഴുതിയാൽ രണ്ട് വ്യത്യസ്ത കഥകൾ. ഒരേ കപ്പലിൽ യാത്ര ചെയ്തവർക്കുപോലും വ്യത്യസ്ത അനുഭവങ്ങൾ. ഒരാൾ ഒന്നാം ക്ലാസ്സിൽ യാത്ര ചെയ്തു. മറ്റെയാൾ കപ്പലിന്റെ അടിത്തട്ടിൽ. ഒരാൾ ബ്രിട്ടീഷ് കാപ്റ്റനോടു സംസാരിച്ചു. മറ്റെയാൾ അദ്ദേഹത്തിന്റെ ചവിട്ടുകേട്ടു. ഒരാൾ മെഡിക്കൽ പരിശോധനയെ പേടിച്ചു. മറ്റെയാൾ അതിനെ ആചാരമായി കണ്ടു. ഈ വൈവിധ്യം നമ്മെ ഒരു കാര്യം പഠിപ്പിക്കുന്നുണ്ട്. ഹജ്ജ് എന്ന ‘ഒരു അനുഭവം’ ഇല്ല എന്ന കാര്യം. ആയിരക്കണക്കിനു ഹജ്ജുകൾ ഉണ്ട്. ഓരോ തീര്‍ത്ഥാടകനും അവന്റെയോ അവളുടെയോ സ്വന്തം ഹജ്ജ്. ഓരോ ഭാഷയും ആ അനുഭവത്തെ വ്യത്യസ്തമായി രൂപപ്പെടുത്തുന്നു. ഇത് ഗവേഷണത്തെ സങ്കീർണമാക്കുന്നുണ്ട്. അതേസമയം കൗതുകകരവുമാക്കുന്നു. ഒരു ഗവേഷകൻ എന്ന നിലയിൽ ഞാൻ ഈ വൈവിധ്യത്തെ ആഘോഷിക്കുന്നുണ്ട്. ഓരോ പുതിയ വിവരണവും ഓരോ പുതിയ ലോകമാണ്. ഓരോ പുതിയ ഭാഷയും ഓരോ പുതിയ ചിന്തയാണ്. ഇനിയും എത്രയെത്ര വിവരണങ്ങൾ കണ്ടെത്താനുണ്ട്. ഇനിയും എത്രയെത്ര ഭാഷകൾ. ഇനിയും എത്രയെത്ര കാഴ്ചപ്പാടുകൾ. ആയിരക്കണക്കിനു ഹജ്ജുകൾ ഇനിയും വായിക്കപ്പെടാനുണ്ട്.
ഹജ്ജ് യാത്രയുടെ ഏറ്റവും രസകരമായ ഒരു ഭാഗമാണ് തീര്‍ത്ഥാടകർക്കുള്ള വിശ്രമകേന്ദ്രങ്ങളായ മുസാഫർഖാനകൾ. പോർട്ടു നഗരങ്ങളിൽ ഇവ ധാരാളമുണ്ട്. പ്രത്യേകിച്ച് ബോംബെയിൽ. അവിടെനിന്നാണ് ഭൂരിഭാഗം മലബാർ ഹാജിമാരും കപ്പൽ കയറിയത്. ബോംബെയിലെത്തുന്ന തീര്‍ത്ഥാടകർക്കു കപ്പലിനായി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ഈ കാത്തിരിപ്പിന്റെ സമയത്താണ് അവർ മുസാഫർഖാനകളിൽ താമസിച്ചത്.
സാബു സിദ്ദീഖി മുസാഫർഖാന ഒരു പ്രധാന കേന്ദ്രമായിരുന്നു. അവിടെ നൂറുകണക്കിനു തീര്‍ത്ഥാടകർക്കു താമസിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. വലിയ ഹാളുകൾ. ചെറിയ മുറികൾ. പൊതു അടുക്കള. കുളിക്കാനുള്ള സൗകര്യങ്ങൾ. എല്ലാവരും ഒരുമിച്ചാണു താമസിച്ചത്. ധനികനും ദരിദ്രനും. വൃദ്ധനും യുവാവും. പണ്ഡിതനും നിരക്ഷരനും. എല്ലാവരും ഒരേ മുറിയിൽ. ഒരേ നിലത്ത്. കാമു സേത്തിന്റെ മുസാഫർഖാനയും സൈഫി മഹലും ഇങ്ങനെത്തന്നെ. ഓരോ മുസാഫർഖാനയ്ക്കും അതിന്റെതായ ചരിത്രമുണ്ട്. ചിലത് ധനിക വ്യാപാരികൾ നിർമിച്ചതാണ്. ചിലത് സംഘടനകൾ നടത്തിയിരുന്നു. ചിലത് പള്ളികളുമായി ബന്ധപ്പെട്ടിരുന്നു. മുസാഫർഖാനകളിലെ സാമൂഹിക ജീവിതം വളരെ സജീവമായിരുന്നു. മിക്കവാറും ഹജ്ജെഴുത്തുകളിൽ നമുക്ക് ഇത് കാണാം. ഒരു തീര്‍ത്ഥാടകന്റെ വിവരണത്തിൽ ഞാൻ വായിച്ചത് നോക്കൂ: സാബൂ സിദ്ദീഖി മുസാഫർഖാനയിലെ ഒരു രാത്രി. അവിടെ നൂറ്റി അമ്പതു പേർ ഒരുമിച്ചു താമസിക്കുന്നു. അവർ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നു. മലയാളം, ഉറുദു, ഹിന്ദി, തമിഴ്, ഗുജറാത്തി, കന്നഡ. എങ്കിലും അവർ പരസ്പരം മനസ്സിലാക്കുന്നുണ്ട്. കൈകൊണ്ട് ആംഗ്യം കാണിച്ച്. ചെറിയ വാക്കുകൾക്കൊണ്ട്. ചിലപ്പോൾ ചിരിച്ചുകൊണ്ട്. രാത്രിയിൽ അവർ ഒരുമിച്ചു നമസ്കരിക്കുന്നു. ഒരു ഇമാമിനു പിന്നിൽ. ഒരേ നിരയിൽ. പകൽ അവർ ഭക്ഷണം ഒരുമിച്ചു കഴിക്കുന്നു. ഒരേ പാത്രത്തിൽനിന്ന്. ചിലർ പരസ്പരം യാത്രാനുഭവങ്ങൾ പങ്കുവെക്കുന്നു. ചിലർ ഗാനങ്ങൾ പാടുന്നു. ചിലർ കഥകൾ പറയുന്നു. ചിലർ കരയുന്നു. ചിലർ ചിരിക്കുന്നു.
മുസാഫർഖാനകൾ കേവലം താമസസ്ഥലങ്ങൾ മാത്രമായിരുന്നില്ല. അവ സാമൂഹിക കേന്ദ്രങ്ങളായിരുന്നു. അവിടെ വിവാഹങ്ങൾ നടന്നിരുന്നു. ഒരുപാട് പേര് മരിച്ചിരുന്നു, ജനിച്ചിരുന്നു, ചികിത്സിക്കപ്പെട്ടിരുന്നു. പണ്ഡിതന്മാർ പ്രഭാഷണങ്ങൾ നടത്തി. കവികൾ കവിതകൾ ചൊല്ലി. വ്യാപാരികൾ കച്ചവടം നടത്തി. തൊഴിലന്വേഷകർ ജോലി തേടി. ഒരു മുസാഫർഖാന ഒരു ചെറിയ ലോകമായിരുന്നു. അതിനുള്ളിൽ എല്ലാം ഉണ്ടായിരുന്നു. സന്തോഷവും ദുഃഖവും. പ്രതീക്ഷയും നിരാശയും. ജീവിതവും മരണവും.
വിവിധ തീര്‍ത്ഥാടക സംഘടനകൾ ഈ മുസാഫർഖാനകൾ നടത്തിയിരുന്നു. ചിലതു തെക്കൻ ഇന്ത്യയിൽനിന്നുള്ള ഹാജിമാരെ കേന്ദ്രീകരിച്ചു. മറ്റുചിലത് ഉത്തരേന്ത്യക്കാർക്കായി. ചിലത് ഗുജറാത്തികൾക്കായി. വേറെചിലത് കൊങ്കണി മുസ്ലിംകൾക്കായി. ഓരോ സംഘടനയും അവരുടെ അംഗങ്ങൾക്കു സൗകര്യങ്ങൾ ഒരുക്കി. ഭക്ഷണം, പാർപ്പിടം, വൈദ്യസഹായം, കപ്പൽ ടിക്കറ്റ് ഏർപ്പാട്, പാസ്പോർട്ട് സഹായം. ഈ സംഘടനകൾ ഇല്ലായിരുന്നെങ്കിൽ പല തീര്‍ത്ഥാടകർക്കും യാത്ര സാധിക്കുമായിരുന്നില്ല. അവർ ബോംബെയിൽ അന്യരായിപ്പോകുമായിരുന്നു. ഒരു തീര്ത്ഥാടകൻ എഴുതുന്നു: "ഈ മുസാഫർഖാനകൾ ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ അനാഥരായിപ്പോകുമായിരുന്നു. അവിടെ ഞങ്ങൾക്കു ഭക്ഷണം കിട്ടി. അവിടെ ഞങ്ങൾക്കു തലകുത്താൻ ഇടം കിട്ടി. അവിടെ ഞങ്ങൾക്കു സഹായം കിട്ടി. അവിടെ ഞങ്ങൾക്കു കൂട്ട് കിട്ടി." ഇതാണ് മുസാഫർഖാനകളുടെ പ്രധാന്യം. അവ അപരിചിതരെ ബന്ധുക്കളാക്കി. അവ അന്യരെ സ്വന്തക്കാരാക്കി. അവ അനാഥരെ കുടുംബമുള്ളവരാക്കി. കടൽ കടക്കുന്നതിനുമുമ്പുള്ള ഈ കാത്തിരിപ്പു പലപ്പോഴും തീര്‍ത്ഥാടകരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അനുഭവമായി മാറി. കാരണം, അവിടെ അവർ പുതിയ ബന്ധങ്ങൾ സൃഷ്ടിച്ചു. പുതിയ പാഠങ്ങൾ പഠിച്ചു. പുതിയ ജീവിതം കണ്ടു. ഈ മുസാഫർഖാനകൾ ഹജ്ജ് യാത്രയുടെ അവിഭാജ്യ ഘടകമായിരുന്നു. അവയില്ലാതെ ഹജ്ജ് അപൂർണമായിരുന്നു.
തീര്‍ത്ഥാടകരുടെ കപ്പൽ യാത്രാനുഭവങ്ങൾ, പ്രത്യേകിച്ച് അവരുടെ Pilgrim Ships capes എങ്ങനെയാണ് രൂപപ്പെട്ടത് എന്ന് നിരീക്ഷിക്കുന്നതു വളരെ ശ്രദ്ധേയമാണ്. മിക്ക യാത്രക്കാർക്കും ബോംബെയിൽ എത്തിയാൽപ്പിന്നെ കാത്തിരിപ്പാണ്. കപ്പലിനായുള്ള കാത്തിരിപ്പ്. ചിലപ്പോൾ ദിവസങ്ങൾ. ചിലപ്പോൾ ആഴ്ചകൾ. എൻ. മരക്കാർ ഹാജിയുടെ വിവരണത്തിൽ ഞാൻ വായിച്ചു. അദ്ദേഹം എങ്ങനെ ബോംബെയിൽ കാത്തുനിന്നു. ചിലപ്പോൾ കപ്പൽ വൈകി. ചിലപ്പോൾ കൊളോണിയൽ ഓഫീസർമാർ തടഞ്ഞു. പിന്നെ കപ്പൽ. ഓരോ കപ്പലും ഒരു ലോകം. സി.എച്ച് മുഹമ്മദ് കോയയുടെ 'എന്റെ ഹജ്ജ് യാത്ര'യിൽ കപ്പലിന്റെ വിശദമായ വർണനയുണ്ട്. കപ്പലിന്റെ പേര്, കപ്പലിലെ മുറികൾ, കപ്പലിലെ ഭക്ഷണം, കപ്പലിലെ ഡോക്ടർ. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ടത് കപ്പലിലെ പള്ളിയാണ്. അത് ഒരു സമുദ്ര പള്ളി. ഒരു ജലപ്പള്ളി. ഒരു മൊബൈൽ മതസ്ഥലം. കടലിന്റെ നടുവിൽ അവർ ഒരു പള്ളി സൃഷ്ടിച്ചു. ഒരു താൽക്കാലിക പള്ളി. അവിടെ എല്ലാവരും ഒരുമിച്ചുനിന്നു. ധനികനും ദരിദ്രനും. ഉന്നതനും താഴ്ന്നവനും. എല്ലാവരും ഒരേ നിരയിൽ. കപ്പലിന്റെ അടിയിൽ എഞ്ചിന്റെ ശബ്ദം. മുകളിൽ പ്രാർഥനയുടെ ശബ്ദം. കപ്പലിലെ ഈ സമുദ്ര പള്ളി എല്ലാ തീര്‍ത്ഥാടകരെയും ഉൾക്കൊള്ളിച്ചു. എല്ലാ വിഭാഗങ്ങളെയും. അവിടെ ജാതിയില്ല. വർഗമില്ല. എല്ലാവരും ഹാജിമാർ മാത്രം. ഇവിടെ കുട്ടിയമ്മു സാഹിബിനെക്കുറിച്ച് പറയേണ്ടതുണ്ട്. അദ്ദേഹം ഒരു പ്രധാന വ്യക്തിയാണ്. തെക്കൻ ഇന്ത്യയിൽ അണക്കെട്ടുകളും ജലസേചന പദ്ധതികളും നിർമിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലായിരുന്നു. എഞ്ചിനീയറിംഗും വികസനവും അദ്ദേഹത്തിന്റെ മുഖമുദ്ര. അദ്ദേഹത്തിന്റെ ഹജ്ജ് വിവരണം വളരെ വിശദമാണ്. വളരെ ദൈർഘ്യമേറിയതുമാണ്. എന്നാൽ, അദ്ദേഹത്തിന്റെ വിവരണത്തിന്റെ പ്രത്യേകത മറ്റൊന്നാണ്. അദ്ദേഹം തന്റെ യാത്രയ്ക്കിടെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളെ നിരീക്ഷിച്ചു. ബോംബെ തുറമുഖം, റെയിൽവെ സ്റ്റേഷനുകൾ, കപ്പൽ കെട്ടിടങ്ങൾ, ആശുപത്രികൾ, റോഡുകൾ, പാലങ്ങൾ. ഇവയെല്ലാം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഒരു എഞ്ചിനീയറുടെ കണ്ണുകൾ. എങ്ങനെയാണ് കപ്പൽ നിർമിച്ചത്? എങ്ങനെയാണ് തുറമുഖം പ്രവർത്തിക്കുന്നത്? എങ്ങനെയാണ് റെയിൽവെ ട്രാക്കുകൾ സ്ഥാപിച്ചത്? എങ്ങനെയാണ് അണക്കെട്ടുകൾ നിർമിക്കുന്നത്? ജലസേചന പദ്ധതികൾ എങ്ങനെ പ്രവർത്തിക്കുന്നു? ഇതൊക്കെ അദ്ദേഹം വിശദമായി രേഖപ്പെടുത്തി.
കുട്ടിയമ്മു സാഹിബിന്റെ വിവരണത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഭാഗം ഇതാണ്: ഒരു ഹാജി എന്ന നിലയിൽ അദ്ദേഹം മക്കയിലേക്കു യാത്ര ചെയ്യുമ്പോഴും തന്റെ പ്രൊഫഷണൽ കണ്ണുകൾ അടച്ചില്ല. അദ്ദേഹം കണ്ടതെല്ലാം രേഖപ്പെടുത്തി. ഒരു എഞ്ചിനീയറുടെ കൃത്യതയോടെ. ഒരു വികസന പ്രവർത്തകന്റെ താത്പര്യത്തോടെ. ഈ വിവരണം ഞാൻ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യാൻ പദ്ധതിയിടുന്നുണ്ട്. കാരണം ഇത് വളരെ പ്രധാനപ്പെട്ട രേഖയാണ്. മലയാളത്തിലെ ആദ്യത്തെ അഞ്ച് ഹജ്ജ് വിവരണങ്ങൾ ഒരുമിച്ച് പഠിക്കുക എന്നതാണ് എന്റെ മറ്റൊരു ആഗ്രഹം. മൊയ്തു ഹാജി (1948), ടി. അബ്ദുൽ അസീസ് (1956), സി.എച്ച് മുഹമ്മദ് കോയ (1960), എൻ. മരക്കാർ ഹാജി, കുട്ടിയമ്മു സാഹിബ്. ഈ അഞ്ചു വിവരണങ്ങളും ഒരുമിച്ചു വായിച്ചാൽ നമുക്കു മലബാറിൽനിന്നുള്ള ഹജ്ജ് യാത്രയുടെ സമ്പൂർണ ചിത്രം ലഭിക്കും. അവരുടെ തീവണ്ടി യാത്രകൾ. അവരുടെ കപ്പൽ യാത്രകൾ. അവരുടെ കാത്തിരിപ്പുകൾ. അവരുടെ സമുദ്ര പള്ളികൾ. അവരുടെ വികസന നിരീക്ഷണങ്ങൾ. ഇതൊക്കെ ഒരുമിച്ചുവെച്ചാൽ മാത്രമേ ആ കാലഘട്ടത്തിലെ ഹജ്ജ് യാത്രയുടെ പൂർണ ചിത്രം ലഭിക്കൂ.
എന്റെ മറ്റൊരു പ്രധാന ആഗ്രഹം മലബാറിൽനിന്നുള്ള സ്ത്രീ തീര്ത്ഥാടകരെക്കുറിച്ചു പഠിക്കലാണ്. ഹജ്ജിന്റെ ചരിത്രം മിക്കവാറും പുരുഷന്മാരുടെ കണ്ണിലൂടെ എഴുതപ്പെട്ടതാണ്. പുരുഷ തീര്‍ത്ഥാടകരാണ് കേന്ദ്ര കഥാപാത്രങ്ങൾ. എന്നാൽ സ്ത്രീകളും യാത്ര ചെയ്തു. അവരും എഴുതിയിരുന്നു. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ മലബാർ സ്ത്രീകൾ കടൽ കടന്നു മക്കയിലേക്കു പോയിരുന്നു. യമനിലേക്കും ഫലസ്തീനിലേക്കും പേർഷ്യൻ ഗൾഫിലേക്കും അവർ യാത്ര ചെയ്തിരുന്നു. അവർ ഒറ്റയ്ക്കും കൂട്ടമായും പോയി. ചിലർ ഭർത്താക്കന്മാരോടൊപ്പം. ചിലർ മക്കളോടൊപ്പം. ചിലർ മാതാപിതാക്കളോടൊപ്പം. ചിലർ പൂർണമായും ഒറ്റയ്ക്ക്. കൊളോണിയൽ രേഖകളിൽ അവരുടെ കാൽപ്പാടുകൾ കാണാം. ബ്രിട്ടീഷ് റസിഡന്റിന്റെ കത്തുകളിൽ. മദ്രാസ് സർക്കാരിന്റെ ഗസറ്റുകളിൽ. ഹജ്ജ് വിവരണങ്ങളിൽ അവരെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്. പുരുഷ തീര്‍ത്ഥാടകർ തങ്ങളുടെ വിവരണങ്ങളിൽ സ്ത്രീകളെക്കുറിച്ച് എഴുതി. അവരും കണ്ടു. അവരും കേട്ടു. അവരും രേഖപ്പെടുത്തി.
എന്നാൽ, ഏറ്റവും വിലപ്പെട്ടത് സ്ത്രീകൾത്തന്നെ എഴുതിയതോ എഴുതാൻ കാരണമായതോ ആയ രേഖകളാണ്. അവർത്തന്നെ എഴുതിയ ഹർജികൾ. അവർക്കുവേണ്ടി പുരുഷന്മാർ എഴുതിയ കത്തുകൾ. ഹജ്ജ് യാത്രകളുടെ ഡയറികൾ. അവർ സംഘാടകകളായ സംഭവങ്ങളും. ഒരു സ്ത്രീ എങ്ങനെ പാസ്പോർട്ട് വാങ്ങി? എങ്ങനെ വിസക്ക് അപേക്ഷിച്ചു? എങ്ങനെ പുരുഷന്മാരോടൊപ്പം കപ്പൽ കയറി? എങ്ങനെ രോഗത്തെ നേരിട്ടു? എങ്ങനെ പ്രസവിച്ചു? എങ്ങനെ മക്കയിൽ എത്തി? എങ്ങനെ ആചാരങ്ങൾ ചെയ്തു? എങ്ങനെ മടങ്ങിവന്നു? ഈ ചോദ്യങ്ങൾക്കെല്ലാം ഉള്ള ഉത്തരം തേടുകയാണ് ഞാൻ. ഈ രേഖകൾ ചിതറിക്കിടക്കുന്നു. ബ്രിട്ടീഷ് ആർക്കൈവുകളിൽ. പഴയ മലയാളം പത്രങ്ങളിൽ. കുടുംബ രേഖകളിൽ. പള്ളികളുടെ കണക്കുകളിൽ. സ്വകാര്യ ശേഖരങ്ങളിൽ. ഞാൻ ഇവ ശേഖരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഓരോ രേഖയും ഓരോ കഥ പറയുന്നു. ഈ പഠനം ഹജ്ജ് ചരിത്രത്തിലെ ഒരു വലിയ ശൂന്യത നികത്തും. മറ്റു ഗവേഷകർ അടുത്തിടെ ഒരു പുതിയ സ്ത്രീ ഹജ്ജ് യാത്രാവിവരണം കണ്ടെത്തിയിട്ടുണ്ട്. 1933ലെ യാത്രയാണ്. കൂളിപ്പുലാക്കൽ എടത്തോള തീതാച്ചുമ്മ എന്ന സ്ത്രീയുടെത്. വിവരണത്തിന്റെ പേര് എനിക്ക് പ്രധാനമല്ല. ഉള്ളടക്കമാണ് പ്രധാനം. ഈ കൃതിയുടെ ഒരു പകർപ്പ് അതിന്റെ യഥാർഥ സ്ഥലത്തുനിന്ന് കണ്ടെടുത്താൽ ആ സ്ത്രീയുടെ നിലയെക്കുറിച്ചും അവരുടെ യാത്രയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കും. അവർ ആരായിരുന്നു? എങ്ങനെ യാത്ര ചെയ്തു? ആരോടൊപ്പം? എന്ത് കണ്ടു? ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടും. മലബാറിൽനിന്നുള്ള സ്ത്രീ ഹജ്ജ് വിവരണങ്ങളുടെ ചരിത്രത്തിൽ ഇത് ഒരു സുപ്രധാന കണ്ടെത്തലാണ്. ഈ രേഖ ലഭ്യമായാൽ ആ കാലഘട്ടത്തിലെ സ്ത്രീകളുടെ യാത്രസ്വാതന്ത്ര്യത്തെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും നമുക്ക് പുതിയ ധാരണകൾ ലഭിക്കും.


സാങ്കേതികവിദ്യയുടെയും യാത്രാസൗകര്യങ്ങളുടെയും വളർച്ച ഹജ്ജ് തീര്‍ത്ഥാടനത്തെ ഇന്ന് വളരെ എളുപ്പമുള്ളതാക്കി മാറ്റിയിട്ടുണ്ട്. പഴയകാല യാത്രാവിവരണങ്ങളിലെ ഭയവും കഷ്ടപ്പാടുകളും പുതിയ കാലത്തെ എഴുത്തുകളിൽ കാണാൻ കഴിയില്ല. ഈ സാഹചര്യമാറ്റങ്ങൾ ഹജ്ജിന്റെ ആഖ്യാനപരമായ പരിസരങ്ങളെ പൂർണമായും തിരുത്തിയെഴുതുന്നു. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടയിൽ ഹജ്ജ് സാഹിത്യത്തിന്റെ ഘടനയിലും പ്രമേയത്തിലും ഉണ്ടായ ഈ മൗലികമായ മാറ്റങ്ങളെ ഒരു ഗവേഷകൻ എന്ന നിലയിൽ എങ്ങനെ നോക്കിക്കാണുന്നു?
ഈ ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. കാരണം, ഹജ്ജ് ആഖ്യാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിഭജനരേഖതന്നെ ഇതാണ്. പഴയ വിവരണങ്ങളും പുതിയ വിവരണങ്ങളും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. ഒരു ഗവേഷകൻ എന്ന നിലയിൽ ഞാൻ ഈ മാറ്റത്തെ മൂന്ന് തലങ്ങളിലാണ് നോക്കിക്കാണുന്നത്.
ഒന്ന്, യാത്രയുടെ അനുഭവംതന്നെ മാറി. പത്തൊമ്പതാം നൂറ്റാണ്ടിൽ ഹജ്ജ് യാത്ര എന്നത് മാസങ്ങൾ നീണ്ടുനിൽക്കുന്ന ഒരു ദുരിതപൂർണ യാത്രയായിരുന്നു. കടലിന്റെ ക്രൂരത, കൊളോണിയൽ ക്വാറന്റൈനുകളിലെ പീഡനങ്ങൾ, പകർച്ചവ്യാധികളുടെ ഭീഷണി, മരണഭയം. 'We have literally become naked skeleton in the island of health' എന്ന് ഒരു തീര്ത്ഥാടകൻ രേഖപ്പെടുത്തിയത് നോക്കൂ. ഇന്ന് വിമാനയാത്രകൊണ്ട് മണിക്കൂറുകൾക്കുള്ളിൽ ഒരാൾക്ക് മക്കയിലെത്താം. രണ്ട്, ആഖ്യാനങ്ങളുടെ ഉള്ളടക്കം മാറി. പഴയ വിവരണങ്ങളിൽ കപ്പലുകളും ക്വാറന്റൈനുകളും കൊളോണിയൽ ഉദ്യോഗസ്ഥരും രോഗങ്ങളും മരണങ്ങളും ധാരാളം ഇടംപിടിച്ചിരുന്നു. യാത്രാനുഭവത്തിന്റെ കടുപ്പമായിരുന്നു പ്രധാനം. ഇന്നത്തെ വിവരണങ്ങളിൽ ആചാരങ്ങളുടെ വിവരണത്തിനാണ് കൂടുതൽ പ്രാധാന്യം. ഹോട്ടലുകൾ, ഗതാഗത സൗകര്യങ്ങൾ, ടൂർ പാക്കേജുകൾ, ഭക്ഷണശാലകൾ... ഇവയൊക്കെ വന്നതോടെ യാത്രദുരിതങ്ങളുടെ വിവരണങ്ങൾ അപ്രത്യക്ഷമായി. ഇതോടെ പഴയകാല വിവരണങ്ങളിലെ രാഷ്ട്രീയ പ്രതിരോധവും കൊളോണിയൽ വിമർശനവും ഇല്ലാതെയായി.
മൂന്ന്, ഹജ്ജ് സാഹിത്യത്തിന്റെ ഘടന പൂർണമായും മാറി. പഴയ കൃതികൾ പലതും യാത്രയുടെ ഓരോ ഘട്ടവും വിശദമായി രേഖപ്പെടുത്തിയിരുന്നു. തീവണ്ടി യാത്ര, ബോംബെയിലെ കാത്തിരിപ്പ്, മുസാഫർഖാനകളിലെ സാമൂഹിക ജീവിതം, കപ്പൽ യാത്ര, സമുദ്ര പള്ളികൾ, ക്വാറന്റൈൻ ദ്വീപുകൾ, യാത്രമദ്ധ്യേയുള്ള രാഷ്ട്രീയ നിരീക്ഷണങ്ങൾ... ഇങ്ങനെ വലിയൊരു ലോകം തന്നെ. ഇന്നത്തെ വിവരണങ്ങളിൽ യാത്ര എന്നത് വിമാനത്താവളത്തിൽ തുടങ്ങി വിമാനത്താവളത്തിൽ അവസാനിക്കുന്ന ഒരു സംഭവമായി ചുരുങ്ങി. ഞാൻ ഈ മാറ്റത്തെ ഒരു വലിയ നഷ്ടമായാണ് കാണുന്നത്. അതെ, യാത്ര എളുപ്പമായി. ആളുകൾക്കു കൂടുതൽ സുരക്ഷിതമായി ഹജ്ജ് ചെയ്യാൻ കഴിയുന്നു. അതു നല്ലതുതന്നെ. എന്നാൽ, ഈ എളുപ്പത്തിനൊപ്പം പഴയ വിവരണങ്ങളിലെ ആ അപൂർവമായ അനുഭവലോകം നമുക്കു നഷ്ടപ്പെട്ടു. ആ കഷ്ടപ്പാടുകൾ, ഭീതികൾ, രാഷ്ട്രീയ പ്രതിരോധങ്ങൾ, സാമ്രാജ്യത്വ വിമർശനങ്ങൾ തുടങ്ങിയവയെല്ലാം ഇന്നത്തെ ഹജ്ജ് സാഹിത്യത്തിൽനിന്ന് അപ്രത്യക്ഷമായി. അതുകൊണ്ടാണ് പഴയ വിവരണങ്ങൾ ഇപ്പോഴും വിലപ്പെട്ടതായി തുടരുന്നത്.
ഹജ്ജ് യാത്രയിലെ കഷ്ടപ്പാടുകളെയും പ്രയാസങ്ങളെയുംകുറിച്ചുള്ള പതിവ് ആഖ്യാനങ്ങളിൽനിന്ന് മാറി തീര്‍ത്ഥാടകരുടെ 'ഭക്ഷണ ഭാവനകളെ (Alimentary Imaginations) കുറിച്ച് താങ്കൾ സംസാരിക്കുന്നുണ്ടല്ലോ. ഭക്ഷണത്തിന്റെ അഭാവത്തെക്കുറിച്ചു ചർച്ച ചെയ്യുന്നതിനുപകരം വ്യത്യസ്ത സംസ്കാരങ്ങൾക്കിടയിലെ ഭക്ഷണ വിനിമയങ്ങളെ ഒരു ഗവേഷണ വിഷയമായി തിരഞ്ഞെടുത്തത് ഹജ്ജ് സാഹിത്യ പഠനങ്ങളിൽ എന്തുതരം മാറ്റമാണ് കൊണ്ടുവരുന്നത്?
'തെളിച്ചം' മാസികയ്ക്കായി ഞാൻ എഴുതിയ ലേഖനത്തിൽ ഹജ്ജ് യാത്രാവിവരണങ്ങളെ വായിക്കുന്നതിനുള്ള ഒരു പുതിയ വഴിയാണ് മുന്നോട്ടുവെച്ചത്. പരമ്പരാഗത പഠനങ്ങൾ ഭക്ഷണത്തിന്റെ അഭാവത്തെയും പട്ടിണിയെയും കേന്ദ്രീകരിക്കുമ്പോൾ ഞാൻ തീര്‍ത്ഥാടകരുടെ 'ഭക്ഷണ ഭാവനകളെ' (Alimentary Imaginations) കുറിച്ച് ചർച്ച ചെയ്തു. ഈ രീതിശാസ്ത്രപരമായ മാറ്റം മൂന്നു തരത്തിൽ ഹജ്ജ് സാഹിത്യ പഠനങ്ങളെ മാറ്റുന്നുണ്ട്.
ഒന്ന്, ദാരിദ്ര്യത്തിന്റെ ആഖ്യാനത്തിനപ്പുറം തീര്‍ത്ഥാടകരുടെ ബഹുമുഖ അനുഭവങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതിനാലാണ്. ഹജ്ജ് യാത്ര വെറും കഷ്ടപ്പാടുകളുടെ കഥ മാത്രമല്ല. അത് സാംസ്കാരിക വിനിമയങ്ങളുടെയും പാചക വൈവിധ്യങ്ങളുടെയും ഒരു ഇടം കൂടിയാണ്. ഇന്ത്യ, കിഴക്കൻ ആഫ്രിക്ക, അറേബ്യൻ ഉപദ്വീപ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽനിന്നുള്ള മുസ്ലിം തീര്‍ത്ഥാടകർ അവരുടെ സവിശേഷമായ പാചക പൈതൃകം വിശുദ്ധ യാത്രയിലേക്കു കൊണ്ടുവരുന്നു. ഈ വൈവിധ്യത്തെ പഠിക്കുന്നതിലൂടെ, ഇന്ത്യൻ മഹാസമുദ്ര ലോകത്തിന്റെ സാംസ്കാരിക സമ്പന്നത നമുക്കു കാണാൻ കഴിയും.
രണ്ട്, ഭക്ഷണ വിനിമയങ്ങൾ പഠിക്കുന്നത് തീര്‍ത്ഥാടകർ തമ്മിലുള്ള സാമൂഹിക ബന്ധങ്ങളെയും വിഭജനങ്ങളെയും വെളിപ്പെടുത്തുന്നുണ്ട്. 1860കളിൽ നവാബ് സികന്ദർ ബീഗം മക്കയിലെ ഭക്ഷണരീതികളെ വിമർശിച്ചത് ഒരു ഉദാഹരണമാണ്. 'അറേബ്യക്കാർക്കു പാചകം അറിയില്ല, അവർ തേനും ഈന്തപ്പഴവും നെയ്യുംമാത്രം കഴിക്കുന്നു' എന്നായിരുന്നു അവരുടെ നിരീക്ഷണം. 1934ൽ ഫാത്തിമ ബീഗം കപ്പലിൽ നടത്തിയ 'നെയ്യ് സമരം' മറ്റൊരു ഉദാഹരണം. നെയ്യിനുപകരം സസ്യ എണ്ണ നൽകിയതിൽ പ്രതിഷേധിച്ച് അവർ ഒരു നിവേദനം സമർപ്പിച്ചു. ഈ രണ്ട് ഉദാഹരങ്ങളും കാണിക്കുന്നത് ഭക്ഷണം എങ്ങനെ സ്വത്വത്തിന്റെയും അതിർവരമ്പുകളുടെയും ചിഹ്നമാകുന്നു എന്നാണ്. മൂന്ന്, ഈ സമീപനം ഹജ്ജ് സാഹിത്യത്തിലെ പുതിയ വിഷയങ്ങളെ ഗവേഷണത്തിനു തുറന്നിടുന്നു. തീര്‍ത്ഥാടക കൈപ്പുസ്തകങ്ങളിലെ ഭക്ഷണ നിര്‍ദേശങ്ങൾ, കപ്പലിലെ ചലിക്കുന്ന അടുക്കളകൾ, സ്ത്രീകളുടെ പാചക പങ്കാളിത്തം, തീര്‍ത്ഥാടന ഹോസ്റ്റലുകളിലെ ഭക്ഷണ വ്യവസ്ഥകൾ, ഹജ്ജ് ഹോട്ടലുകളുടെ പരസ്യങ്ങൾ, മടക്കവിരുന്നുകളിലെ ഭക്ഷണ ചടങ്ങുകൾ, ഇങ്ങനെ ഏറെ. 1911ൽ മദ്രാസിൽനിന്നുള്ള ഒരു ഹാജി ഖുസ്റു എന്ന കപ്പലിലെ അടുക്കള ലോകം വിവരിച്ചത് എത്ര രസകരമാണ്. ഒരു തീര്ത്ഥാടകൻ തന്റെ മുറി മുഴുവൻ അടുക്കളയാക്കി മാറ്റിയ കഥ. ഇത്തരം വിവരണങ്ങൾ ഹജ്ജ് സാഹിത്യത്തെ ജീവനുള്ളതാക്കുന്നുണ്ട്.
ഈ മാറ്റത്തിലൂടെ, ഹജ്ജ് ഗവേഷണം ഇനി ആത്മീയ യാത്രയുടെമാത്രം പഠനമല്ലെന്നും അതിനപ്പുറത്തേക്ക് ഗ്യാസ്ട്രോണമിക് സംഗമത്തിന്റെ കൂടി പഠനമാകുന്നുവെന്നും മനസ്സിലാക്കാം. വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള ഭക്ഷണ വിനിമയങ്ങൾ, പാചക പാരമ്പര്യങ്ങളുടെ കൂടിച്ചേരലുകൾ, രുചികളുടെ ചരിത്രം, ഇവയെല്ലാം പുതിയ ഗവേഷണ വിഷയങ്ങളാകുന്നു. 'തെളിച്ചം' പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഞാൻ ചൂണ്ടിക്കാണിച്ചതുപോലെ ഭക്ഷണം ഒരു സാർവത്രിക മനുഷ്യാനുഭവമാണ്, പക്ഷെ, അത് ചരിത്രത്തെ ആശ്രയിച്ചിരിക്കുന്ന സ്വയം വേർതിരിച്ചറിയാനുള്ള ഒരു മാർഗംകൂടിയാണ്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വൈവിധ്യമാർന്ന പാചക രീതികൾ ഹജ്ജ് യാത്രയിൽ എങ്ങനെയാണ് ഒരു 'Culinary Cosmopolitanism' അല്ലെങ്കിൽ ഒരു ആഗോള പാചക സംസ്കാരം രൂപപ്പെടുത്തിയത്? ബിരിയാണിയും കറികളും ഇറച്ചിയും ഒരേ ഇടത്തിൽ പങ്കുവെക്കപ്പെടുന്നതു വിശ്വാസികൾക്കിടയിൽ പുതിയൊരു സ്വത്വബോധം വളർത്താൻ സഹായിച്ചതിനെക്കുറിച്ചു വിശദീകരിക്കാമോ?
'തെളിച്ചം' പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഞാൻ ചർച്ച ചെയ്ത ഒരു പ്രധാന കാര്യം ഹജ്ജ് യാത്ര എങ്ങനെ വ്യത്യസ്ത പാചക പാരമ്പര്യങ്ങളുടെ ഒത്തുചേരലിന്റെ ഇടമായി മാറി എന്നതാണ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിവിധ തീരങ്ങളിൽനിന്നുള്ള തീര്‍ത്ഥാടകർ അവരുടെ രുചികളും പാചകരീതികളും ഭക്ഷണ സംസ്കാരങ്ങളും കൊണ്ടുവന്നു. ഒരേ കപ്പലിൽ, ഒരേ മുസാഫർഖാനയിൽ, ഒരേ തെരുവിൽ വ്യത്യസ്ത ഭക്ഷണ സമ്പ്രദായങ്ങൾ പരസ്പരം കൂടിക്കലർന്നു. അവ ഒന്നിച്ചു. അവ പങ്കുവെക്കപ്പെട്ടു. അവ വിമർശിക്കപ്പെട്ടു. ചിലപ്പോഴെല്ലാം അവ തമ്മിൽ ഏറ്റുമുട്ടി. ഈയൊരു സംവാദമാണ് ഒരു 'കുലിനറി കോസ്മോപൊളിറ്റനിസ'ത്തിന്റെ രൂപീകരണത്തിലേക്കു നയിച്ചത്.
എങ്ങനെയാണ് ഇത് സാധ്യമായത്? ഒന്നാമത്, തീര്‍ത്ഥാടകർ അവരുടെകൂടെ ഭക്ഷണ സാധനങ്ങൾ കൊണ്ടുപോയി. സുഗന്ധവ്യഞ്ജനങ്ങൾ, അരി, ഉണക്കിയ മാംസം, പപ്പടം, അച്ചാർ. ഇവ അവരുടെ സ്വന്തം നാട്ടിലെ രുചികളെ ഓർമിപ്പിച്ചു. എന്നാൽ, യാത്രവഴിയിൽ അവർ പുതിയ ചേരുവകളും കണ്ടെത്തി. പുതിയ പഴങ്ങൾ. പുതിയ തരം മസാലകൾ. പുതിയ പാചകരീതികൾ. ഈ പുതിയ ചേരുവകൾ അവരുടെ സ്വന്തം പാചകത്തിൽ ഉൾപ്പെടുത്താൻ ചിലർ ശ്രമിച്ചു. മറ്റുചിലർ അവയെ അകറ്റിനിർത്തി. രണ്ടും ഒരു സാംസ്കാരിക പ്രതിഭാസമാണ്. രണ്ടാമത്, വ്യത്യസ്ത സമുദായങ്ങൾ തമ്മിൽ ഭക്ഷണം പങ്കുവെക്കുന്ന ശീലമുണ്ടായിരുന്നു. ഒരാൾ പാകം ചെയ്ത ബിരിയാണി മറ്റൊരാൾ ആസ്വദിച്ചു. ഒരു പ്രദേശത്തിന്റെ കറി മറ്റൊരു പ്രദേശത്തുകാരൻ രുചിച്ചുനോക്കി. ചിലപ്പോൾ അവർക്ക് ഇഷ്ടപ്പെട്ടു. ചിലപ്പോൾ ഇഷ്ടപ്പെട്ടില്ല. എന്നാൽ ഈ കൈമാറ്റംതന്നെ പ്രധാനമാണ്. ഇതിലൂടെ അവർ പരസ്പരം മനസ്സിലാക്കിയിട്ടുണ്ട്. 'അവർ എങ്ങനെ ഭക്ഷണം കഴിക്കുന്നു' എന്നറിഞ്ഞു. 'അവർ എന്താണ് കഴിക്കുന്നത്' എന്ന് മനസ്സിലാക്കി. ഈ അറിവ് ചിലപ്പോൾ ആദരവ് സൃഷ്ടിചിട്ടുണ്ടാകും. ചിലപ്പോൾ അവജ്ഞയും. രണ്ടും ഒരു ആഗോള പാചക സംസ്കാരത്തിന്റെ ഭാഗമാണ്. മൂന്നാമത്, തീര്‍ത്ഥാടകർ തങ്ങളുടെ വിവരണങ്ങളിൽ ഈ ഭക്ഷണ അനുഭവങ്ങളെ രേഖപ്പെടുത്തിയിരുന്നു. ഒരു കപ്പലിലെ അടുക്കളയെക്കുറിച്ച്, ഒരു ഹോട്ടലിലെ ഭക്ഷണത്തെക്കുറിച്ച്, ഒരു പുതിയ വിഭവത്തിന്റെ രുചിയെക്കുറിച്ച്. ഇത്തരം രേഖപ്പെടുത്തലുകൾ പിൽക്കാല തീര്‍ത്ഥാടകർക്കു വഴികാട്ടികളായിട്ടുണ്ട്. ഏതൊക്കെ ഭക്ഷണം കഴിക്കാം, ഏതൊക്കെ ഒഴിവാക്കണം, എങ്ങനെ പുതിയ രുചികളുമായി പൊരുത്തപ്പെടാം എന്നതിനുള്ള മാർഗനിര്ദേശങ്ങളായിട്ടുണ്ട്. ഈ പാചക വൈവിധ്യം വിശ്വാസികൾക്കിടയിൽ പുതിയൊരു സ്വത്വബോധം വളർത്തിയിട്ടുണ്ട്. 'ഞാൻ ഒരു മലബാരിയാണ്, ഞാൻ ബിരിയാണി കഴിക്കുന്നു' എന്നതിൽനിന്ന് 'ഞാൻ ഒരു മുസ്ലിമാണ്, ഞാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭക്ഷണം ആസ്വദിക്കുന്നു' എന്ന ബോധത്തിലേക്ക്. ഇത് 'ഉമ്മ' എന്ന ആശയത്തിന്റെ ഒരു ഭൗതിക അനുഭവമായിരുന്നു. ഒരേ പ്ലേറ്റിൽനിന്ന് കഴിക്കുന്നതിലൂടെ, അവർ അക്ഷരാർഥത്തിൽ ഒരുമിച്ചുവെന്ന് വേണം പറയാൻ. ഹജ്ജ് കപ്പലുകളിലെ അടുക്കളകൾ പലപ്പോഴും സാംസ്കാരികമായ മേൽക്കോയ്മയുടെയോ അല്ലെങ്കിൽ അന്യവൽക്കരണത്തിന്റെയോ ഇടങ്ങളായി മാറാറുണ്ട്. നവാബ് സികന്ദർ ബീഗത്തെപ്പോലുള്ളവരുടെ വിവരണങ്ങളിൽ അറേബ്യൻ പാചകരീതിയോടുള്ള വിയോജിപ്പുകൾ കാണാമെന്ന് താങ്കള്‍ വിശദീകരിച്ചു. ഭക്ഷണശീലങ്ങൾ എങ്ങനെയാണ് തീര്‍ത്ഥാടകർക്കിടയിൽ വിഭാഗീയതക്കോ പ്രാദേശിക സ്വത്വ നിർമാണത്തിനോ കാരണമായിരുന്നത്?
ഹജ്ജ് കപ്പലുകളിലെ അടുക്കളകൾ സാംസ്കാരിക മേൽക്കോയ്മയുടെയും അന്യവൽക്കരണത്തിന്റെയും വേദികളായായിരുന്നു. ഒരു തീര്ത്ഥാടകൻ തന്റെ സ്വന്തം ഭക്ഷണരീതിയെ 'ശരിയായത്' എന്നും മറ്റുള്ളവരുടെതിനെ 'വിചിത്രമായത്' എന്നും കാണുമ്പോൾ, അവിടെ ഒരു അസമത്വം രൂപപ്പെടുന്നുണ്ട്. ഈ അസമത്വമാണ് പ്രാദേശിക സ്വത്വങ്ങളെ ശക്തിപ്പെടുത്തിയത്. നവാബ് സികന്ദർ ബീഗത്തിന്റെ വിവരണം ഇതിന് ഉത്തമ ഉദാഹരണമാണ്. അവർ അറേബ്യൻ ഭക്ഷണരീതികളെ വിമർശിച്ചത് ഒരു 'സംസ്കാരിക ശ്രേഷ്ഠതയുടെ' നിലപാടിൽ നിന്നായിരുന്നു. 'അവർക്ക് പാചകം അറിയില്ല', 'അവർ അസംസ്കൃതം കഴിക്കുന്നു', 'നല്ലതും ചീത്തയും തിരിച്ചറിയാൻ അവർക്ക് കഴിയില്ല' എന്നീ പരാമർശങ്ങൾ കേവലം ഭക്ഷണത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളായിരുന്നില്ല. അവ ഒരു സാംസ്കാരിക മേൽക്കോയ്മയുടെ പ്രകടനമാണ്. 'ഞങ്ങൾക്ക് അറിയാം, അവർക്ക് അറിയില്ല' എന്ന ഭാവം. ഇത് തീര്‍ത്ഥാടകർക്കിടയിൽ പ്രാദേശിക സ്വത്വത്തെ ശക്തിപ്പെടുത്തി. 'ഞാൻ ഇന്ത്യക്കാരനാണ്, ഞാൻ നല്ല ഭക്ഷണം കഴിക്കുന്നു' എന്നൊരു ബോധം. അറേബ്യക്കാർ 'മറ്റുള്ളവരായി' അടയാളപ്പെടുത്തപ്പെട്ടു.
എന്നാൽ, ഈ വിഭാഗീയത ഇന്ത്യക്കാർക്കും അറേബ്യക്കാർക്കുമിടയില് മാത്രമായിരുന്നില്ല. ഇന്ത്യക്കാർക്കിടയിൽത്തന്നെ വ്യത്യസ്ത പ്രാദേശിക സ്വത്വങ്ങൾ രൂപപ്പെട്ടു. ഫാത്തിമ ബീഗത്തിന്റെ വിവരണം നോക്കിയാൽ തന്നെ കാര്യം വ്യക്തമാകും. ഉദാഹരണത്തിന്, കപ്പലിലെ 'നെയ്യ് സമരം' ഒരു ലളിതമായ ഭക്ഷണ പരാതി എന്നതിനപ്പുറത്തേക്ക് 'ഞങ്ങളുടെ ഭക്ഷണരീതി' എന്നതിന്റെ പ്രഖ്യാപനമായിരുന്നു. നെയ്യിനു പകരം സസ്യ എണ്ണ നൽകിയത് 'ഞങ്ങളുടെ പാചകത്തിലെ ആവശ്യ ഘടകത്തെ നിങ്ങൾ അപമാനിച്ചു' എന്നായിരുന്നു അവരുടെ പ്രതികരണം. ഇവിടെ 'ഞങ്ങൾ' എന്നത് ദക്ഷിണേഷ്യൻ മുസ്ലിംകളെ മൊത്തത്തിൽ പ്രതിനിധീകരിച്ചിരിക്കാം. എന്നാൽ, ആ 'ഞങ്ങൾ'ക്കുള്ളിൽത്തന്നെ കൂടുതൽ വിഭജനങ്ങളുണ്ടായിരുന്നു.

ഹജ്ജ് കപ്പലുകളിലെ അടുക്കളകൾ പലപ്പോഴും സാംസ്കാരികമായ മേൽക്കോയ്മയുടെയോ അല്ലെങ്കിൽ അന്യവൽക്കരണത്തിന്റെയോ ഇടങ്ങളായി മാറാറുണ്ട്. നവാബ് സികന്ദർ ബീഗത്തെപ്പോലുള്ളവരുടെ വിവരണങ്ങളിൽ അറേബ്യൻ പാചകരീതിയോടുള്ള വിയോജിപ്പുകൾ കാണാമെന്ന് താങ്കള്‍ വിശദീകരിച്ചു. ഭക്ഷണശീലങ്ങൾ എങ്ങനെയാണ് തീര്‍ത്ഥാടകർക്കിടയിൽ വിഭാഗീയതക്കോ പ്രാദേശിക സ്വത്വ നിർമാണത്തിനോ കാരണമായിരുന്നത്?
ഹജ്ജ് കപ്പലുകളിലെ അടുക്കളകൾ സാംസ്കാരിക മേൽക്കോയ്മയുടെയും അന്യവൽക്കരണത്തിന്റെയും വേദികളായായിരുന്നു. ഒരു തീര്ത്ഥാടകൻ തന്റെ സ്വന്തം ഭക്ഷണരീതിയെ 'ശരിയായത്' എന്നും മറ്റുള്ളവരുടെതിനെ 'വിചിത്രമായത്' എന്നും കാണുമ്പോൾ, അവിടെ ഒരു അസമത്വം രൂപപ്പെടുന്നുണ്ട്. ഈ അസമത്വമാണ് പ്രാദേശിക സ്വത്വങ്ങളെ ശക്തിപ്പെടുത്തിയത്. നവാബ് സികന്ദർ ബീഗത്തിന്റെ വിവരണം ഇതിന് ഉത്തമ ഉദാഹരണമാണ്. അവർ അറേബ്യൻ ഭക്ഷണരീതികളെ വിമർശിച്ചത് ഒരു 'സംസ്കാരിക ശ്രേഷ്ഠതയുടെ' നിലപാടിൽ നിന്നായിരുന്നു. 'അവർക്ക് പാചകം അറിയില്ല', 'അവർ അസംസ്കൃതം കഴിക്കുന്നു', 'നല്ലതും ചീത്തയും തിരിച്ചറിയാൻ അവർക്ക് കഴിയില്ല' എന്നീ പരാമർശങ്ങൾ കേവലം ഭക്ഷണത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളായിരുന്നില്ല. അവ ഒരു സാംസ്കാരിക മേൽക്കോയ്മയുടെ പ്രകടനമാണ്. 'ഞങ്ങൾക്ക് അറിയാം, അവർക്ക് അറിയില്ല' എന്ന ഭാവം. ഇത് തീര്‍ത്ഥാടകർക്കിടയിൽ പ്രാദേശിക സ്വത്വത്തെ ശക്തിപ്പെടുത്തി. 'ഞാൻ ഇന്ത്യക്കാരനാണ്, ഞാൻ നല്ല ഭക്ഷണം കഴിക്കുന്നു' എന്നൊരു ബോധം. അറേബ്യക്കാർ 'മറ്റുള്ളവരായി' അടയാളപ്പെടുത്തപ്പെട്ടു.
എന്നാൽ, ഈ വിഭാഗീയത ഇന്ത്യക്കാർക്കും അറേബ്യക്കാർക്കുമിടയില് മാത്രമായിരുന്നില്ല. ഇന്ത്യക്കാർക്കിടയിൽത്തന്നെ വ്യത്യസ്ത പ്രാദേശിക സ്വത്വങ്ങൾ രൂപപ്പെട്ടു. ഫാത്തിമ ബീഗത്തിന്റെ വിവരണം നോക്കിയാൽ തന്നെ കാര്യം വ്യക്തമാകും. ഉദാഹരണത്തിന്, കപ്പലിലെ 'നെയ്യ് സമരം' ഒരു ലളിതമായ ഭക്ഷണ പരാതി എന്നതിനപ്പുറത്തേക്ക് 'ഞങ്ങളുടെ ഭക്ഷണരീതി' എന്നതിന്റെ പ്രഖ്യാപനമായിരുന്നു. നെയ്യിനു പകരം സസ്യ എണ്ണ നൽകിയത് 'ഞങ്ങളുടെ പാചകത്തിലെ ആവശ്യ ഘടകത്തെ നിങ്ങൾ അപമാനിച്ചു' എന്നായിരുന്നു അവരുടെ പ്രതികരണം. ഇവിടെ 'ഞങ്ങൾ' എന്നത് ദക്ഷിണേഷ്യൻ മുസ്ലിംകളെ മൊത്തത്തിൽ പ്രതിനിധീകരിച്ചിരിക്കാം. എന്നാൽ, ആ 'ഞങ്ങൾ'ക്കുള്ളിൽത്തന്നെ കൂടുതൽ വിഭജനങ്ങളുണ്ടായിരുന്നു.
ബംഗാളി, മലബാറി സ്ത്രീകളുടെ പാചക ശീലങ്ങളിലെ വ്യത്യാസങ്ങളെക്കുറിച്ചു സി.എച്ച് മുഹമ്മദ് കോയയെപ്പോലുള്ളവർ നിരീക്ഷിക്കുന്നുണ്ട്. ഹജ്ജ് കപ്പലുകളിലെ 'ചലിക്കുന്ന അടുക്കളകൾ' സ്ത്രീകളുടെ സാമൂഹിക ഇടപെടലുകളെയും അവരുടെ അധ്വാനത്തെയും അടയാളപ്പെടുത്തുന്നത് എങ്ങനെയാണ്? അതുപോലെ മുൻകാലങ്ങളിൽ തീര്‍ത്ഥാടകർ സ്വന്തമായി ആഹാരം പാകം ചെയ്തിരുന്ന സ്ഥാനത്തു ഇന്ന് റെസ്റ്റോറന്റുകളും ഗവൺമെന്റ് നിയന്ത്രിത ഭക്ഷണ സംവിധാനങ്ങളും നിലവിൽവന്നു. ഹജ്ജ് യാത്രയിലെ ഈ 'ഭക്ഷണ വാണിജ്യവൽക്കരണവും' സർക്കാർ ഇടപെടലുകളും തീര്‍ത്ഥാടനത്തിന്റെ ആത്മീയ പരിസരത്തെയും വ്യക്തിപരമായ അനുഭവങ്ങളെയും എങ്ങനെയൊക്കെയാണ് മാറ്റിമറിച്ചത്?
സി.എച്ച് മുഹമ്മദ് കോയയും അബ്ദുൽ അസീസും വിവരിച്ചതുപോലെ, ബംഗാളികൾ, മദ്രാസികൾ, മലബാറികൾ, ഉത്തർപ്രദേശുകാർ, പഞ്ചാബികൾ, സിന്ധികൾ, ബുഖാരികൾ എല്ലാവർക്കും വ്യത്യസ്ത ഭക്ഷണരീതികളുണ്ടായിരുന്നു. ഈ വ്യത്യാസങ്ങളെല്ലാം ഹജ്ജ് യാത്രാവിവരണങ്ങളിൽ സൗഹൃദത്തിനു കാരണമായിരുന്നു. ചിലപ്പോൾ അകൽച്ചയ്ക്കും കാരണമായി. ഉദാഹരണത്തിന്, ഒരു മലബാറി തീര്ത്ഥാടകൻ ബംഗാളി ഭക്ഷണത്തെ 'അമിതമായി മസാലയുള്ളത്' എന്ന് വിമർശിച്ചു. ഒരു ഉത്തർപ്രദേശുകാരൻ ദക്ഷിണേന്ത്യൻ ഭക്ഷണത്തെ 'അസഹനീയം' എന്നു മനസ്സിലാക്കി. അവർക്കിടയിൽ രൂപപ്പെട്ട ഇത്തരം വിമർശനങ്ങളെല്ലാം 'ഞങ്ങളും അവരും' എന്ന അതിർവരമ്പുകൾ കെട്ടിപ്പടുത്തിരുന്നു. പ്രാദേശിക സ്വത്വത്തെ കൂടുതൽ ദൃഢമാക്കാൻ ഇവയെല്ലാം കാരണമായിരുന്നു. 'ഞാൻ ഒരു മലബാരിയാണ്', 'ഞാൻ ഒരു ബംഗാളിയാണ്', 'ഞാൻ ഇങ്ങനെയാണ് കഴിക്കുന്നത്, അവർ അങ്ങനെയും'. വിവരണങ്ങളിൽ പ്രകടമായ ഇതു പോലെയുള്ള വിഭജനങ്ങൾ ഹജ്ജ് യാത്രയുടെ സാർവത്രിക സാഹോദര്യത്തിനുള്ളിൽപ്പോലും നിലനിന്നിരുന്നു.
അതുകൊണ്ടാണ് ഒരു ഏകീകരണ ശക്തിയാണെന്നതിനപ്പുറത്തേക്ക് ഭക്ഷണം ഒരു വിഭജന ശക്തികൂടിയാണ് എന്ന് ഞാൻ പറയുന്നത്. ഹജ്ജ് തീര്‍ത്ഥാടകർ ഒരുമിച്ചു പ്രാർഥിച്ചിരുന്നു. ഒരുമിച്ച് ആചാരങ്ങൾ നിർവഹിച്ചിരുന്നു. എന്നാൽ, ഭക്ഷണത്തിന്റെ കാര്യത്തിൽ അവർ പലപ്പോഴും വേർപിരിഞ്ഞതായി കാണാം. അവരവരുടെ സ്വന്തം പാചകരീതികളിൽ ഉറച്ചുനിന്നു അവരുടെ പ്രാദേശിക സ്വത്വങ്ങൾ നിലനിർത്തിയിരുന്നു. ഒരു 'സാർവത്രിക സാഹോദര്യ'ത്തിന്റെമാത്രം കഥയല്ല ഹജ്ജെന്ന് മനസ്സിലാക്കാൻ ഭക്ഷണകാര്യത്തിലുള്ള വൈവിധ്യത്തിന്റെയും സംഘർഷത്തിന്റെയും സ്വത്വ നിർമാണത്തിന്റെയുംകൂടി കഥകൾ നോക്കിയാൽ മതി.
ഹജ്ജ് കപ്പലുകളിലെ 'ചലിക്കുന്ന അടുക്കളകൾ' സ്ത്രീ ജീവിതത്തിന്റെ സുപ്രധാന രേഖകളാണ്. മുഹമ്മദ് കോയയുടെ നിരീക്ഷണങ്ങൾ കാണിക്കുന്നത്, ബംഗാളി സ്ത്രീകളും മലബാറി സ്ത്രീകളും വ്യത്യസ്ത രീതികളിലാണ് പാചകത്തിൽ ഏർപ്പെട്ടിരുന്നത് എന്നാണ്. ബംഗാളി സ്ത്രീകൾ പാചകത്തിൽ സജീവമായി പങ്കെടുത്തപ്പോൾ മലബാറി സ്ത്രീകൾ കൂടുതൽ സംയമനം പാലിച്ചു. ഈ വ്യത്യാസങ്ങൾ ആകസ്മികമല്ല. അവ സാമൂഹിക നിയന്ത്രണങ്ങളുടെയും സാംസ്കാരിക പാരമ്പര്യങ്ങളുടെയും പ്രതിഫലനമാണ്.
'ചലിക്കുന്ന അടുക്കള' എന്നതു കപ്പലിലെ ഒരു സ്ഥലം മാത്രമായിരുന്നില്ല. സ്ത്രീകൾക്കു സ്വന്തമായി പ്രവർത്തിക്കാനും ഇടപെടാനും കഴിയുന്ന ഒരു സാമൂഹിക ഇടംകൂടിയാണ് അടുക്കള. അടുക്കളകളിൽ അവർ ഭക്ഷണം പാകംചെയ്യുക മാത്രമായിരുന്നില്ല. കഥകൾ പങ്കുവെച്ചിരുന്നു. അവരുടെ ദുഃഖങ്ങൾ പറഞ്ഞിരുന്നു. അവരുടെ സ്വപ്നങ്ങൾ പങ്കിട്ടിരുന്നു. പരസ്പരം പഠിച്ചിരുന്നു. അടുക്കളകൾ സ്ത്രീജീവിതത്തിന്റെ അധ്വാനത്തിന്റെയും സർഗാത്മകതയുടെയും രേഖകളാണെന്ന് മനസ്സിലാക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അതേസമയം, അടുക്കളകൾ സ്ത്രീകളുടെ പരിമിതികളെയും അടയാളപ്പെടുത്തിയിരുന്നു. ചില സ്ത്രീകൾക്കു പാചകത്തിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാല്‍, മറ്റുചിലർക്കത് നിഷേധിക്കപ്പെട്ടു. ഈ വ്യത്യാസംതന്നെ പഠനാർഹമാണ്.
ഇനി സമകാലിക സാഹചര്യത്തിലേക്കു വരാം. മുൻകാലങ്ങളിൽ തീര്‍ത്ഥാടകർ സ്വന്തമായി ഭക്ഷണം പാകംചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് റെസ്റ്റോറന്റുകളും ഗവൺമെന്റ് നിയന്ത്രിത ഭക്ഷണ സംവിധാനങ്ങളും നിലവിൽ വന്നു. ഈ മാറ്റം ഹജ്ജ് യാത്രയുടെ സ്വഭാവത്തെതന്നെ മാറ്റിമറിച്ചു. ഞാൻ മുമ്പ് ചില വിശദാംശങ്ങൾ പറഞ്ഞിട്ടുണ്ട്. ഭക്ഷണ വാണിജ്യവൽക്കരണം തീര്‍ത്ഥാടനത്തെ ഒരു 'സേവനമേഖല'യാക്കി മാറ്റി. മുമ്പ് തീര്‍ത്ഥാടകർ സ്വന്തം ഭക്ഷണം സ്വയം കൈകാര്യം ചെയ്യേണ്ടിയിരുന്നു. അത് അവരുടെ യാത്രയുടെ ഭാഗവും അനുഭവവുമായിരുന്നു. ഇന്ന് റെസ്റ്റോറന്റുകൾ ആ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇത് സൗകര്യം വർധിപ്പിച്ചു, എന്നാൽ, വ്യക്തിപരമായ അനുഭവത്തിന്റെ ഒരു മാനം നഷ്ടപ്പെടുത്തി. തീര്‍ത്ഥാടകർ ഇനി 'ഭക്ഷണം ഉണ്ടാക്കുന്നവർ' അല്ല, 'ഭക്ഷണം വാങ്ങുന്നവർ' മാത്രമാണ്. ഈ മാറ്റം അവരുടെ യാത്രയോടുള്ള ബന്ധത്തെ ബാധിക്കുന്നുണ്ട്. ഗവൺമെന്റ് ഇടപെടലുകൾ ഭക്ഷണത്തെ ഏകീകൃതമാക്കി. മുമ്പ് വ്യത്യസ്ത പ്രദേശങ്ങളിൽനിന്നുള്ള തീര്‍ത്ഥാടകർ അവരവരുടെ പ്രാദേശിക ഭക്ഷണരീതികൾ പിന്തുടർന്നു. ഇന്ന് സർക്കാർ നിശ്ചയിക്കുന്ന ഭക്ഷണ പട്ടികകൾ, കരാറുകാർ, ലേലങ്ങൾ. ഇത് കാര്യക്ഷമത വർധിപ്പിച്ചു, എന്നാൽ വൈവിധ്യം കുറച്ചു. തീര്‍ത്ഥാടകർക്ക് അവരുടെ സ്വന്തം രുചികൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. ഒരു 'ദേശീയ ഭക്ഷണം' അവർക്കു വിളമ്പപ്പെടുന്നു. ഇത് എത്രമാത്രം അവരുടെ വ്യക്തിപരമായ അനുഭവത്തെ ബാധിക്കുന്നു? ഈ മാറ്റങ്ങൾ ആത്മീയ പരിസരത്തെതന്നെ മാറ്റിമറിച്ചു. മുമ്പ് ഭക്ഷണം പാകംചെയ്യുന്ന പ്രവൃത്തിതന്നെ ഒരു ഭക്ത്യാചാരമായിരുന്നു. മറ്റുള്ളവർക്കായി ഭക്ഷണം ഉണ്ടാക്കുക, പങ്കുവെക്കുക, ഒരുമിച്ചു കഴിക്കുക. ഇതെല്ലാം ഹജ്ജ് അനുഭവത്തിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്നു. ഇന്ന് ഭക്ഷണം ഒരു ചരക്കായി മാറി. ആത്മീയതയും ഭക്ഷണവും തമ്മിലുള്ള ബന്ധം ദുർബലമായി. തീര്‍ത്ഥാടകർ ഇനി 'ഭക്ഷണത്തിലൂടെ' ദൈവത്തോട് അടുക്കുന്നില്ല. ഇതൊരു വലിയ മാറ്റമാണ്. ഈ മാറ്റത്തിന്റെ ആത്മീയവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ ഗവേഷകർ ഇനിയും പൂർണമായി മനസ്സിലാക്കിയിട്ടില്ല.
മറ്റൊരു വീക്ഷണംകൂടി ഞാൻ ഇതിനോട് ചേര്‍ത്തു പറയാം. പതിറ്റാണ്ടുകളായി ഹജ്ജ് പഠനങ്ങൾ മനുഷ്യനെമാത്രം കേന്ദ്രീകരിച്ചതായിരുന്നു. എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യംവരെ നിലനിന്ന വണ്ടിപ്പടവ്യവസ്ഥയായിരുന്നു ഹജ്ജിന്റെ നട്ടെല്ല്. ഒട്ടകങ്ങളും കുതിരകളും മറ്റു മൃഗങ്ങളും ഗതാഗതമാർഗങ്ങളും ആചാരങ്ങളായിരുന്നു. ഈ മൃഗങ്ങൾ ഹജ്ജ് യാത്രയുടെ ഭാഗമായിരുന്നു. അവയ്ക്ക് ഭക്ഷണം കൊടുത്തു. അവയെ ചികിത്സിച്ചു. അവ ക്ഷീണിച്ചു വീണു. അവ ചത്തു. അവയുടെ മൃതദേഹങ്ങൾ മരുഭൂമിയിൽ അവശേഷിച്ചു. ഹജ്ജ് മനുഷ്യന്റെമാത്രം യാത്രയായിരുന്നില്ല. അതൊരു പാരിസ്ഥിതിക സംഭവംകൂടിയായിരുന്നു. ഈ വീക്ഷണം മനുഷ്യകേന്ദ്രിത ചരിത്രരചനയ്ക്ക് അപ്പുറമുള്ള വായനയാണ്. ഹജ്ജ് ഗവേഷണം ഇനി മൃഗങ്ങളെക്കൂടി ഉൾപ്പെടുത്തണം. കാരണം, അവയില്ലാതെ ഹജ്ജ് നടന്നിരുന്നില്ല. അവയുടെ കാൽപ്പാടുകൾ ചരിത്രത്തിൽ അവശേഷിച്ചിട്ടുണ്ട്. അവ കണ്ടെത്തേണ്ടത് നമ്മുടെ ജോലിയാണ്.
പുതിയ ഹജ്ജ് പഠനങ്ങൾ പുതിയ വഴികൾ തുറക്കുന്നു. ഇനിയും ചെയ്യേണ്ട പലതുമുണ്ട്. ഒന്ന്, ഹജ്ജ് വിവരണങ്ങളും വൈദ്യചരിത്രവും. കോളറ, പ്ലേഗ് തുടങ്ങിയ പകർച്ചവ്യാധികളെ തീര്‍ത്ഥാടകർ എങ്ങനെ നേരിട്ടു? ക്വാറന്റൈൻ കേന്ദ്രങ്ങളിലെ അനുഭവങ്ങൾ എന്തായിരുന്നു ? ഒരു ഡോക്ടറുടെ കണ്ണിലൂടെ ഹജ്ജ് എങ്ങനെ കാണപ്പെടുന്നു? ഒരു സഹപ്രവർത്തകയ്ക്കൊപ്പം ഞാൻ ഒട്ടോമൻ തുർക്കിഷിലെ ഒരു ഡോക്ടറുടെ ഹജ്ജ് വിവരണം പഠിക്കുന്നുണ്ട്. അദ്ദേഹം കോളറയെ നേരിട്ട അനുഭവം രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ട്, യാത്ര ഡോക്ടർമാരും ശാസ്ത്രജ്ഞരും. ഹജ്ജ് യാത്ര ചെയ്ത വൈദ്യന്മാരുടെ ജീവചരിത്രങ്ങൾ പഠിക്കേണ്ടതുണ്ട്. അവർ എവിടെ പഠിച്ചു? എങ്ങനെ ചികിത്സിച്ചു? അവരുടെ രേഖകൾ മെഡിക്കൽ ചരിത്രത്തിനു വിലപ്പെട്ടതാണ്. മൂന്ന്, വനിതകളും ലിംഗവും വൈദ്യവും. സ്ത്രീകൾ എഴുതിയ ഹജ്ജ് വിവരണങ്ങൾ (സികന്ദർ ബീഗം പോലുള്ളവരുടേത്) പ്രത്യേകം പഠിക്കേണ്ടതുണ്ട്. പ്രസവം, ആർത്തവം, കുട്ടികളുടെ രോഗങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ യാത്രയിൽ എങ്ങനെയാണ് സ്ത്രീകൾ അനുഭവിച്ചത്? പുരുഷന്മാരുടെ വിവരണങ്ങളിൽനിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് സ്ത്രീകളുമായി ബന്ധപ്പെട്ട യാത്രാവിവരണങ്ങളിൽ കാണാൻ സാധിക്കുന്നത്. നാല്, പകർച്ചവ്യാധികളും തദ്ദേശീയ സമൂഹങ്ങളും. ഹജ്ജുവഴി പടർന്ന രോഗങ്ങൾ തദ്ദേശീയ ജനവിഭാഗങ്ങളെ എങ്ങനെ ബാധിച്ചുവെന്നത് ഇനിയും പഠിക്കപ്പെട്ടിട്ടില്ല. ഇത്തരം സമയങ്ങളിൽ അവരുടെ പ്രതിരോധ മാർഗങ്ങൾ എന്തായിരുന്നു? എങ്ങനെയായിരുന്നു? അഞ്ച്, അടിമക്കഥകളും കറുത്തവർഗ വിവരണങ്ങളും. ഹജ്ജ് ചെയ്ത അടിമകളുടെ അനുഭവങ്ങൾ എന്തായിരുന്നു? ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള തീര്‍ത്ഥാടകരുടെ സ്വന്തം എഴുത്തുകൾ വരെ ഇനിയും പടിക്കപ്പെടേണ്ടതുണ്ട്.
ഇത്തരം മേഖലകളിളെല്ലാം, ഹജ്ജ് ഗവേഷണങ്ങൾ വികസിക്കേണ്ടതുണ്ട്. ചരിത്രം, വൈദ്യം, പരിസ്ഥിതി, ലിംഗം, വംശം, തൊഴിൽ, ഉപേക്ഷിക്കപ്പെട്ട ശബ്ദങ്ങൾ തുടങ്ങിയ ഒരുപാട് മേഖലകൾ. കൂടുതൽ ബദൽ വീക്ഷണങ്ങൾ വരേണ്ടതുണ്ട്. സബാൾട്ടേൺ ഹജ്ജ് എന്നത് ഇനിയും ശ്രദ്ധിക്കപ്പെടാത്ത ഒരു ചരിത്രമാണ്. യാചകർ, ക്ഷുരകന്മാർ, വെള്ളം ചുമന്നവർ, അവശിഷ്ട ശേഖരണക്കാർ, ഒട്ടകമോടിച്ചവർ. ഇത്തരം കഥകളില്ലാത്ത ഹജ്ജ് ചരിത്രം അപൂർണമാണ്. ഉന്നതരുടെയും പണ്ഡിതന്മാരുടെയുംമാത്രം വിവരണങ്ങൾ നമുക്കു ധാരാളമുണ്ട്. എന്നാൽ, താഴെനിന്നുള്ളവരുടെ ശബ്ദം ഇനിയും നമ്മൾ മനസ്സിലാക്കിയിട്ടില്ല. അവർ എങ്ങനെ യാത്ര ചെയ്തു? എങ്ങനെ അതിജീവിച്ചു? എങ്ങനെ മരിച്ചു? കൂടുതൽ ഗവേഷണങ്ങൾ ഈ മേഖലകളിൽ നടക്കേണ്ടതുണ്ട്. അതില്ലാതെ ഹജ്ജിനെക്കുറിച്ചുള്ള നമ്മുടെ ധാരണ പൂർണമാകില്ല. ഓരോ പുതിയ വീക്ഷണവും ഹജ്ജിനെക്കുറിച്ചുള്ള നമ്മുടെ ധാരണയെ സമ്പന്നമാക്കും. ഓരോ പുതിയ രേഖയും ഒരു പുതിയ കഥ പറയും. ആ കഥകൾ കേൾക്കാൻ നാം തയ്യാറാകണം.
