1
പ്രണയത്തിനുമതുണ്ടായി
പ്രവാചകനു വെളിപാടുണ്ടായന്നു
ലോകത്താദ്യമായി
സൂര്യനു വെളിച്ചമുണ്ടായി.
നിറയെ ഇരുട്ടുള്ള കാട്ടിൽ
ഒറ്റയ്ക്കൊരു മരം വളർന്നു
വെളിച്ചം പൂവിട്ടു നിലാവായി.
ജിബിരീലണഞ്ഞു
പ്രവാചകനിൽ
തുടരെ തുടരെ
കൗതുകം ബാക്കിവെച്ചു,
സമാധാനം
ഒരു മതമായി വളർന്നു
സ്നേഹത്തെമാത്രം
നിർവചിക്കാനറിയാവുന്ന
ഭാഷയായി.
പിന്നെ പിന്നെ,
ചന്ദ്രനു പ്രേമം മൂത്തു
നെഞ്ചു കുത്തിപ്പിളർന്ന്
ഉള്ള് കാട്ടിക്കൊടുത്തു,
ആകാശം
വെളിച്ചമുള്ള കടലായി.
കുഞ്ഞായിരുന്നപ്പോൾ
തണലു വിരിച്ച
കഥയോർത്തു
പെയ്തു തീർന്നൊരു
മേഘം
തോർന്നു പോകാതെ
സത്യത്തിന്റ
വിത്തിൽ ചെന്നുതൊട്ടു
മുളപൊട്ടി.
നബിയോരുടെ
വിളികേട്ടൊരു മരം
കാലെന്നു തെറ്റിദ്ധരിച്ചു
വേരുകൾക്കൊണ്ടു
നടന്നുപോയ വഴി
സ്വർഗത്തിൽ
ചെന്നവസാനിച്ചു
പ്രവാചകനു
വഫാത്തുണ്ടായന്നു
പ്രണയത്തിനുമതുണ്ടായി,
വസന്തം നിറയെ
ചിരി മറന്ന കാടായി
പിന്നീടൊരിക്കലും
ലോകത്തൊരിടത്തും
ഒരു പൂവും
കൊഴിഞ്ഞ് പോകാനല്ലാതെ
വിടർന്നില്ല,
മരിച്ചും.
2
മുഹമ്മദ്,
പ്രകാശം
ഒരു കുഞ്ഞായിരുന്നല്ലോ,
അതു നടന്നു നടന്നു
തെളിഞ്ഞ വഴികളത്രയും
ശരികളായി.
കൂടെ നടന്നവർ
അതിൻ്റെ വിലാസം കടമെടുത്തു
കൂടപ്പിറപ്പുകൾ ആയി.
തൊട്ടവർ തൻ്റെ
തൊടലിനെ താലോലിച്ചു വളർത്തി വലുതാക്കി.
കണ്ടവർ കാണാത്തവരുടെ
കണ്ണുകളിലേക്കു തിരികൊളുത്തി,
അവരതിനെ
കെട്ടുപോകാതെ
കൂടെ പാർപ്പിച്ചു.
ഉമ്മ വെച്ചവർ, ചുണ്ടുകളിൽ
സ്വർഗത്തിൻ്റെ ഓർമയെ
കാത്തു സൂക്ഷിച്ചു.
ഒരു ഇളം തെന്നലത്തിനെ
ചുറ്റിപറ്റിനടന്നു സുഗന്ധമെന്നു
പേരു വച്ചു മാറി.
പ്രവാചകൻ,
അത്രയുമാഴത്തിൽ
വേരിറങ്ങിയൊരു
സ്നേഹത്തിന്റെ വിത്തു
ഭൂമിക്കു നടുവിൽ
ധ്യാനത്തിലിരിക്കുന്നു.
മലമുകളിലൊരു
ഹൃദയമിടിപ്പിന്റെ
താളം
പ്രപഞ്ചത്തിന്റെ
ഭ്രമണപഥമാകുന്നു.
അക്ഷരങ്ങൾക്കൊണ്ടു
മുഴുമിപ്പിക്കാൻ
കഴിയാത്ത ഭാഷയിൽ
ദൈവം മാലാഖയുടെ
ചിറകു വിരിക്കുന്നു.
അനാദിയിൽ
ഒരു വെളിച്ചം
പ്രവാചകനെ തൊടുന്നു.
അങ്ങയുടെ നാമത്തിൽ
ഞാൻ ദൈവത്തെ വായിക്കുന്നു.
മീം,
അങ്ങു വെയിലു
കൊണ്ട പകലത്രയും
ഞങ്ങൾക്ക് നിലാവായി.
അങ്ങേയ്ക്കരികിൽ
വാക്കുകളിൽ വെളിച്ചം കാത്തു-
കിടന്നവർ നക്ഷത്രങ്ങളായി.
ഇനി വയ്യെന്ന്, ഒട്ടും കഴിയില്ലെന്ന്,
മുമ്പിൽ ഇരുട്ടു പരക്കുമ്പോൾ
ഞങ്ങളാ നക്ഷത്രങ്ങളെ നോക്കി വഴി നടന്നു,
നിലാവിൽ വഴി തെളിഞ്ഞു.
കാലാന്തരങ്ങൾ-
ക്കിപ്പുറം
സ്നേഹത്തിൻ്റെ ഓർമയിൽ
മീം എന്നു ചിരിച്ച്
ഒരക്ഷരം വിരിഞ്ഞു
കവിതയായി.
ആ കവിതയുടെ
വെളിച്ചക്കീറിൽ
ഞങ്ങളങ്ങയെ കണ്ടില്ലെങ്കിൽ എന്ത്!
കാണുന്നുണ്ടല്ലോ...
ഞങ്ങളെയങ്ങ്.
അതു മതി,
അത്ര മാത്രം
ഇനി ഞങ്ങൾക്കു വസന്തം.
