മലബാറിലെ മാപ്പിളമാർക്കിടയിൽ പ്രധാന എഴുത്തു ഭാഷയായിരുന്ന അറബി മലയാളത്തിൽ ഒരുപാടു ഗ്രന്ഥങ്ങൾ വിരചിതമായിട്ടുണ്ട്. അവയിൽ മിക്കതും പദ്യകൃതികളാണ്. അക്കാലങ്ങളിലെ മാപ്പിളപ്പാട്ടിന്റെ ജനകീയതയായിരിക്കാം ഒരുപക്ഷെ ഇതിനു കാരണം. ഗദ്യകൃതികൾ വളരെ കുറച്ചുമാത്രമെ അവശേഷിച്ചിട്ടുള്ളൂ. അവയിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണു ശുജായി മൊയ്തു മുസ്ലിയാരുടെ രചനകൾ. ഭാഷയും ചരിത്ര സമീപനവുമൊക്കെ തുലോം മാറിപ്പോയെങ്കിലും അദ്ദേഹത്തിന്റെ കൃതികളെ പ്രസക്തമാക്കുന്ന പല ഘടകങ്ങളും അതിലടങ്ങിയിട്ടുണ്ട്. മാപ്പിള മലയാളത്തിന്റെ മികച്ച ഗദ്യ മാതൃക മനസ്സിലാക്കാൻ ഈ കൃതികൾ കൂടുതൽ സഹായകമാകും. അക്കാലത്തെ മലയാളവുമായി അദ്ദേഹത്തിന്റെ ഗദ്യ കൃതികളെ താരതമ്യം ചെയ്യുന്നതു ഭാഷാഗദ്യവികാസത്തെക്കുറിച്ചു സൂക്ഷ്മജ്ഞാനം നേടുന്നതിനുള്ള മികച്ച ഉപാദിയാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലുമായി ജീവിച്ച പണ്ഡിതനാണു പൊന്നാനിക്കടുത്ത് അണ്ടത്തോട് കുളങ്ങര വീട്ടിൽ ശുജായി മൊയ്തു മുസ്ലിയാർ. അദ്ദേഹം അറബിമലയാളത്തിൽ രചിച്ച കർമശാസ്ത്ര ഗ്രന്ഥമാണ് ‘ഫത്ഹുൽ ഫത്താഹ്’ എന്നും ‘പരോസാദ്ധ്യം’ എന്നും പേരുള്ള അനന്തരാവകാശ മസ്അല തർജമ. വ്യത്യസ്ത മേഖലകളിലായി വിന്യസിക്കപ്പെട്ടിരിക്കുന്ന ഫിഖ്ഹി ഗ്രന്ഥരചനയ്ക്കുപകരം സാധാരണക്കാരായ ജനങ്ങൾക്കു മനസ്സിലാകുന്ന ഭാഷയിൽ കർമശാസ്ത്ര മസ്അലകളെയും മേഖലകളെയും തരംതിരിച്ചു ചർച്ചചെയ്യുന്ന രീതിയാണു മൊയ്തു മുസ്ലിയാർ സ്വീകരിച്ചിരിക്കുന്നത്.
ഗ്രന്ഥകർത്താവിനെയും പ്രസ്തുത കൃതിയെയും ചരിത്ര പഠനങ്ങളിലും അക്കാദമിക പഠനങ്ങളിലും അപൂർവമായി മാത്രമെ ചർച്ച ചെയ്തതായി കാണുന്നുള്ളൂ. 'ശുജായി മൊയ്തു മുസ്ലിയാർ, ധിഷണ, സമരം, അതിജീവനം' എന്ന ഡോ. പി സക്കീർ ഹുസൈന്റെ കൃതി മൊയ്തു മുസ്ലിയാരെക്കുറിച്ചു നടത്തപ്പെട്ടിട്ടുളള പ്രധാന രചനയാണ്. മലയാള ഭാഷയെ സ്നേഹിക്കുകയും അതിനോട് അകലം പാലിക്കുന്നതു ശരിയല്ലെന്നു സമുദായത്തെ ഉണർത്തുകയും ചെയ്ത ശുജായിയെ പരിചയപ്പെടുത്തുകയാണു സക്കീർ ഹുസൈന് ഈ കൃതിയിലൂടെ ചെയ്യുന്നത്. മൊയ്തു മുസ്ലിയാരുടെ ലഘുവായ ജീവചരിത്രവും തനിക്കു കണ്ടെത്താൻ കഴിഞ്ഞ മുഴുവൻ കൃതികളുടെയും അവലോകനവും ഉൾക്കൊള്ളുന്നതാണ് ഈ രചന. ഇതിൽ വളരെ ചുരുങ്ങിയ രീതിയിൽ അഞ്ചു പേജിൽമാത്രമാണ് പ്രസ്ഥുത ഗ്രന്ഥത്തെകുറിച്ചുള്ള പരാമർശങ്ങൾ അദ്ദേഹം നടത്തിയിട്ടുള്ളത്.
കർമശാസ്ത്ര രചനകൾക്കുപുറമെ ചരിത്രത്തിലും രചനകൾ നടത്തിയ അദ്ദേഹം സാമൂഹിക ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലും കൃത്യമായ സാന്നിധ്യം രേഖപ്പെടുത്തിയിരുന്നു. എഴുത്തുകാരനായ ശുജായിയെ പരിചയപ്പെടുത്തുന്ന കുറിപ്പുകളാണ് പി. സക്കീർ ഹുസൈന്റെ കൃതിയുടെ വലിയൊരു ഭാഗവും. ആത്മീയതയായിരുന്നു ചരിത്രാഖ്യാനത്തിന്റെ സ്വഭാവം നിർണയിച്ചിരുന്നത്. മൊയ്തു മുസ്ലിയാരുടെ സമകാലികനായിരുന്ന മോയിൻകുട്ടി വൈദ്യരും മുണ്ടമ്പ്ര ഉണ്ണിമമ്മദും മാളിയേക്കൽ കുഞ്ഞുമമ്മദുമൊക്കെ എഴുതിയ പടപ്പാട്ടുകൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടും. ദൈവികേച്ഛയുടെ ആവിഷ്കാരമായാണ് അവർ ചരിത്രത്തെ കണ്ടിരുന്നത്. ബദർ പടയും കർബലയും ഹുനൈൻ പടയുമൊക്കെ ഇതിന്റെ സാക്ഷികളാണ്. പ്രസ്തുത പടകളുടെ ചരിത്രമാണ് അവയിൽ ആഹ്വാനം ചെയ്യുന്നത്. 'സഫലമാല' എന്ന പേരിൽ ശുജായിയും ഒരു ചരിത്ര കാവ്യം രചിച്ചിട്ടുണ്ട്. 'സഫലമാല' ഒരു യുദ്ധത്തിന്റെമാത്രം ചരിത്രമല്ല, മറിച്ച് മനുഷ്യാരംഭം മുതൽക്കുള്ള ചരിത്രമാണ്. വർത്തമാനകാലത്തു മൊയ്തു മുസ്ലിയാർക്കുള്ള മേൽവിലാസം 'സഫലമാല' സമ്മാനിച്ചതാണ്.
ഫത്ഹുൽ ഫത്താഹ് എന്നും പരോസാദ്ധ്യം എന്നും പേരുള്ള അനന്തരാവകാശ മസ്അല തർജമ
ശുജായി മൊയ്തു മുസ്ലിയാർ കർമശാസ്ത്രത്തിൽ നടത്തിയ ഏക രചനയാണ് 'ഫത്ഹുൽ ഫത്താഹ് എന്നും പരോസാദ്ധ്യം എന്നും പേരുള്ള അനന്തരാവകാശ മസ്അല തർജമ' എന്ന ഗ്രന്ഥം. അറബി മലയാളത്തിൽ രചിക്കപ്പെട്ട ഈ ഗ്രന്ഥത്തിൽ ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങളാണു ചർച്ചചെയ്യുന്നത്. ഹിജ്റ 1410 ശവ്വാൽ 20ന് അമീറുൽ ഇസ്ലാം കല്ലച്ചിൽ (ലിതോ പ്രസ്സ്) നിന്നും അച്ചടിച്ചു പ്രസിദ്ധീകരിച്ച ഒരു പകർപ്പാണ് ഈ പഠനത്തിന്റെ മുഖ്യാവലംബം. ഡമ്മി എ3 പ്രകാരത്തിൽ തയ്യാർ ചെയ്ത ഈ കൊച്ചുകൃതിയുടെ മുഖലിഖിതത്തിൽ 'ഫത്ഹുൽ ഫത്താഹ് എന്നും പരോസാദ്ധ്യം എന്നും പേരുള്ള അനന്തരാവകാശ മസ്അല തർജമ' എന്നു കാണാം. എന്നാൽ, ശുജായിയുടെ ജീവചരിത്ര കൃതികളെ പരിചയപ്പെടുത്തുന്ന ആദ്യകാല രചനകളിൽ 'അനന്തരാവകാശ തർജമ' എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഗ്രന്ഥ നാമദേയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളും വിശദീകരണവും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
111 പേജുകളിലായി 49 വിവിധ ഭാഗങ്ങളായാണു ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. ആകെ 512 മസ്അലകൾ ഇതിൽ കാണാം. ആദ്യമായി പൊന്നാനിയിൽനിന്ന് അച്ചടിച്ച ഗ്രന്ഥം പിന്നീടു പലപ്പോഴായി പല പ്രസ്സുകളിൽനിന്നു പ്രസിദ്ധീകരിക്കുകയാണുണ്ടായത്. ഡമ്മി എ3 പ്രകാരത്തിൽ തയ്യാറാക്കിയ കൊച്ചു കൃതിയുടെ മുഖലിഖിതത്തിൽ 'ഫത്ഹുൽ ഫത്താഹ് എന്നും പരോസാദ്ധ്യം എന്നും പേരുള്ള അനന്തരാവകാശ മസ്അല തർജമ' എന്ന ഈ തലക്കെട്ടു കാണാമെങ്കിലും ഗ്രന്ഥകർത്താവുതന്നെ മുമ്പേനൽകിയതാണോ അതോ വാണിജ്യ സൗകര്യാർഥം പിന്നീടു പ്രസാധകർ നൽകിയതാണോ എന്നതു വ്യക്തമല്ല. ശുജായിയുടെ ജീവചരിത്ര കൃതികളെ പരിചയപ്പെടുത്തുന്ന ആദ്യകാല രചനകളിൽ 'അനന്തരാവകാശ തർജമ' എന്നേ കാണുകയുള്ളൂ. ഒരുപക്ഷെ, സൗകര്യാർഥം പ്രസാധകർ മുഖ്യ ശീർഷകം മാത്രം സൂചിപ്പിച്ചതുമാവാം. അങ്ങനെയല്ലെങ്കിൽ, അദ്ദേഹംതന്നെ രചിച്ച ഫൈളുൽ ഫയ്യാളിന്റെ പൂർത്തീകരണ ഗ്രന്ഥത്തിനും 'ഫത്ഹുൽ ഫത്താഹ്' എന്ന നാമം നൽകിയതായി കാണാം. അത്തരമൊരു സാഹചര്യത്തിൽ വായനക്കാർക്കു ഗ്രന്ഥം തിരിച്ചറിയുന്നതിൽ പ്രയാസമില്ലാതിരിക്കാൻവേണ്ടി 'അനന്തരാവകാശ തർജമ' എന്ന നാമംമാത്രം കൊടുത്തതാകാനും സാധ്യതയുണ്ട്.
'ഫത്ഹുൽ ഫത്താഹ്' എന്നാൽ 'ദൈവിക പാത' എന്നാണർഥം. ചരിത്ര കൃതിയായ 'ഫൈളുൽ ഫയ്യാളി'ന്റെ ആശയവിപുലീകരണമായ 'ഫത്ഹുൽ ഫത്താഹ്' എന്ന ബൃഹത്തായ ചരിത്ര കൃതിക്കു നൽകിയ അതേ ശീർഷകംതന്നെയാണ് ഇവിടെയും നൽകിയിട്ടുള്ളത്. ശീർഷകങ്ങളിലുള്ള ഇത്തരം ആവർത്തനങ്ങൾ അക്കാലത്തെ രചനാസമ്പ്രദായത്തിന്റെ ഭാഗമായികാണാം. മറ്റൊരു സംഗതി, ശീർഷകത്തിൽ സൂചിപ്പിച്ച തർജമ എന്ന പ്രയോഗമാണ്. 'തർജമ' എന്നാൽ അറബി ഭാഷയിൽ പരിവർത്തനം എന്നാണ് അർഥം. അറബിമലയാള ഗ്രന്ഥങ്ങളെ ഉപജീവിച്ചു തയ്യാറാക്കിയ പുസ്തകം എന്നാണ് ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് രചനകളിൽ തന്റേതായ ഒന്നുമില്ലായെന്നും ഉള്ളതെല്ലാം പൂർവ പണ്ഡിതന്മാർ തങ്ങളുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഇവിടെ ഭാഷാന്തരം ചെയ്യപ്പെടുകയാണെന്നുമുള്ള ഉണർത്തലാണ് തർജമ എന്ന പ്രയോഗം എന്നും മനസ്സിലാക്കാം. 'പരോസാദ്ധ്യ തർജമ' എന്ന പ്രയോഗവും ഇത്തരത്തിൽ വിശകലനം അർഹിക്കുന്നുണ്ട്. പരോസാദ്ധ്യം എന്നതിനു പരേതരരിൽനിന്നു സിദ്ധിക്കപ്പെട്ടത്, അപരനെ സാധ്യമാക്കുന്നത് എന്നൊക്കെ അർഥം കാണാം. ഈ ഗ്രന്ഥത്തിൽ അനന്തരാവകാശ നിയമങ്ങളാണു ചർച്ച ചെയ്യുന്നത്. അനന്തരാവകാശം ഒരാളിൽനിന്നും മറ്റൊരാളിലേക്കു മരണം കാരണത്താൽ ലഭിക്കുതാണല്ലോ.
ഗ്രന്ഥ രചനയുടെ പശ്ചാത്തലം പോലെ വിശ്വാസത്തോടൊപ്പംതന്നെ കർമകാണ്ഡവും സമജ്വലമാക്കുവാനുള്ള ഉദ്ദ്യമമാണ് 'ഫത്ഹുൽ ഫത്താഹ്' എന്ന അനന്തരാവകാശ തർജമ. ഈ ഗ്രന്ഥം രചിക്കപ്പെടാനുള്ള പശ്ചാത്തലം തിരിച്ചറിയണമെങ്കിൽ ആദ്യം അക്കാലങ്ങളിലെ സാമൂഹിക അസ്ഥിരതയെക്കുറിച്ചു നാം ആദ്യം മനസ്സിലാക്കണം. അറബി ഭാഷയിൽ രചിക്കപ്പെട്ടതുമാത്രമാണു സാരമായ അറിവ് എന്നും മറ്റു ഭാഷകളിലുള്ള എല്ലാ ഗ്രന്ഥങ്ങളും നിസാരമാണ് എന്നുമുള്ള തെറ്റിദ്ധാരണ അക്കാലങ്ങളിൽ സജീവമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ തെറ്റിദ്ധാരണയെ സമൂഹത്തിൽനിന്നും തുടച്ചുനീക്കണമെന്ന വ്യക്തമായ നിലപാടായിരുന്നു ശുജായി മൊയ്തു മുസ്ലിയാർ സ്വീകരിച്ചിരുന്നത്. അദ്ദേഹത്തിനു മലയാള ഭാഷയോടുണ്ടായിരുന്ന അതിരറ്റ കൃപയും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. മാതൃഭാഷയായ മലയാളത്തോടും അതിൽ രചിക്കപ്പെട്ട ഗ്രന്ഥങ്ങളോടും അക്കാലത്തുണ്ടായിരുന്ന വിപ്രതിപത്യതക്കെതിരെ അദ്ദേഹം എഴുതുകയും ചെയ്യുന്നുണ്ട്: 'ഇസ്ലാം ഉടപ്പിറപ്പുകൾ ആയ പ്രിയ വായനക്കാർ അല്പവാചകത്തിൽ ഒന്നു മനസ്സിരുത്തി ആലോചിക്കുക. നമ്മുടെ സ്വന്തം ഭാഷയായ മലയാളത്തിൽ തർജമ ചെയ്യപ്പെടുന്നത് എല്ലാം നിസാരമാണെന്നും അറബി എഴുത്തിൽ ഉള്ള അറിവുകൾമാത്രം സാരമെന്നും അതിനെ പഠിച്ചവർമാത്രം അറിവാളർ എന്നും സാധാരണ ബഹുജനം ധരിക്കുന്നു. അറബി ഭാഷയിൽ ആയത്ത്, ഹദീസ് മുതലായ അനേക സ്ഥാനാർഥങ്ങളെ എഴുതപ്പെടുന്നു. അന്യഭാഷക്കാർക്ക് അതിനെ അവരുടെ വാചകത്തിൽ പറയുകയോ എഴുതുകയോ ചെയ്തു കിട്ടാതെ എങ്ങനെ ഗ്രഹിപ്പാനാവും. “പേർഷ്യൻ, ഹിന്ദി, തമിഴ്, മുതലായ ഭാഷകളിൽ അനേക കിതാബുകൾ ഉലമാക്കൾ കോർവചെയ്തു പരോചനം അറിവ് സമ്പാദിക്കുന്നു. അതിനാൽ മേൽപ്പറഞ്ഞ അഭിപ്രായ പിഴവിൽ ആരും പെട്ടുപോകാതിരിക്കട്ടെ.” എന്നു പ്രസ്തുത ഗ്രന്ഥത്തിന്റെ തുടക്കത്തിൽത്തന്നെ കുറിക്കുന്നതിലൂടെ ഈ ഗ്രന്ഥരചനയിൽ അദ്ദേഹത്തെ സ്വാധീനിച്ച ഘടകം വ്യക്തമാക്കുന്നുണ്ട്.
അനന്തരാവകാശ മസ്അല എന്നത് എല്ലാ കാലഘട്ടങ്ങളിലും ഒരുപോലെ അറിയേണ്ടതും എന്നാൽ കൃത്യമായി മനസ്സിലാക്കാൻ പ്രയാസമുള്ളതുമായ ഒരു കാര്യമാണ്. അങ്ങനെയിരിക്കെ സാധാരണക്കാരായ ജനങ്ങൾക്ക് അവരുടെ ഭാഷയിൽത്തന്നെ പറഞ്ഞുകൊടുക്കുന്നതാണു കൂടുതൽ ഉചിതം എന്ന ബോധ്യമാവും ഈ ഗ്രന്ഥത്തെ അറബിമലയാളത്തിൽ രചിക്കാൻ ഗ്രന്ഥകാരനെ പ്രേരിപ്പിച്ചത്.
കേരളത്തിൽനിന്നു രചിക്കപ്പെട്ടിട്ടുള്ള കർമശാസ്ത്ര ഗ്രന്ഥങ്ങളെ പ്രധാനമായും അഞ്ചു വിഭാഗങ്ങളായി തരംതിരിക്കാം. ‘ഇബാദത്’ ആരാധനയുമായി ബന്ധപ്പെട്ട മസ്അലകളാണ് ഇതിൽ ചർച്ച ചെയ്യുന്നത്, ‘തർജമാത്’ അറബിപോലുള്ള മറ്റു ഭാഷകളിൽനിന്നും പരിവർത്തനം ചെയ്തവ, ‘മുആമലാത്’ ആചാര സംബന്ധമായവ, ‘മുനാകഹാത്ത്’ വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങൾ ചർച്ച ചെയ്യുന്നവ, ‘ഫറാഇള്’ അനന്തരാവകാശത്തെ സംബന്ധിക്കുന്നവ. ശുജായി മൊയ്തു മുസ്ലിയാരുടെ പ്രസ്തുത ഗ്രന്ഥം അഞ്ചാമത്തെ ഇനത്തിലാണ് ഉൾപ്പെടുന്നത്.
കൃതിയുടെ ആമുഖഭാഗത്തു വളരെ കൃത്യമായ ഒരു പുറംവാചകം ഗ്രന്ഥകാരൻ നൽകിയിട്ടുണ്ട്. അതിൽ, തന്റെ രചനാതാൽപ്പര്യവും ഉദ്ദേശ്യവും അദ്ദേഹം വ്യക്തമാക്കുന്നുമുണ്ട്: “ഈ അനന്തരാവകാശ കിതാബ് എത്രയും ചുരുക്കത്തോടും ഒതുക്കത്തോടുംകൂടി പെരുപ്പത്തെയും ഉതിർപ്പത്തെയും വലിപ്പത്തെയും സമ്പാദിക്കുന്നു. വിശേഷിച്ച് ഈ കിത്താബിന്റെ തലവാചത്തിൽ എഴുതുന്ന കൽപ്പനയുടെ താൽപ്പര്യം മോഹിച്ചു ഇതിൽ മനസ്സിരുത്തിനോക്കുകയും കേൾക്കുകയും അറിയുകയും അറിയിപ്പിക്കുകയും ചെയ്യുന്ന ഇസ്ലാം ഉടപ്പിറപ്പുകൾ ആ കൽപ്പനക്കീഴിൽ പ്രവർത്തിക്കാരാകയാൽ, കൽപ്പന കർത്താവിന്റെ അനുഗ്രഹത്താൽ അധികപുണ്യങ്ങൾക്കു ബാധ്യസ്ഥൻമാരാവാനിടവരരുതെന്ന് ഏവരും വിശ്വസിക്കണമല്ലോ. ഈ കിതാബുടെ അവസ്ഥയെപ്പറ്റി പുറംവാചകം പ്രസംഗിക്കുന്നില്ലെങ്കിലും അകവാചകങ്ങളിൽ മനസ്സിരുത്തിയാൽ ബുദ്ധിയുടെ അവസ്ഥപോലെ കാര്യം ദൃഷ്ടാന്തപ്പെടുന്നതാണ്.” മേൽപ്രസ്താവനയിൽനിന്നും ഈ ഉദ്യമത്തിലൂടെ ഗ്രന്ഥകാരൻ അഭിലാഷിക്കുന്നതു വിജ്ഞാനത്തിന്റെ പെരുപ്പവും ഉതിർപ്പവും വലിപ്പവും ആണെന്നു ഗ്രഹിക്കാം.
അറിവിന്റെ വൈപുല്യവും ഔചിത്യവും മഹത്വവും കാംക്ഷിച്ചു നടത്തിയ തികച്ചും പാവനമായ ഒരു കർമം എന്ന നിലയിൽക്കൂടി ഈ രചനയെ പരിഗണിക്കുമ്പോൾമാത്രമെ ഗ്രന്ഥകാരൻ ഉൾപ്പെടെയുള്ള അക്കാലത്തെ പണ്ഡിതന്മാരുടെ സർഗാത്മകതയെ ശരിയാവണ്ണം വിലയിരുത്താനാവൂ. പ്രസ്തുത മുഖക്കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്: “ഇസ്ലാം പ്രിയ വായനക്കാരാ, അല്പ വാചകത്തിൽ ഒന്നു മനസ്സിരുത്തി ആലോചിക്കുക. നമ്മുടെ സ്വയം ഭാഷാ മലയാളവാക്കിൽ തർജമ ചെയ്യപ്പെടുന്നത് എല്ലാം നിസാരമാണെന്നും അറബി എഴുത്തിൽ ഉള്ള അറിവുകൾമാത്രം സാരമെന്നും അതിനെ പഠിച്ചവർമാത്രം അറിവുകാർ എന്നും സാധാരണ ബഹുജനം ധരിക്കുന്നു. ഇത് ഒരു ആലോചനക്കുറവുതന്നെ. അറബി ഭാഷയിൽ ആയത്ത്, ഹദീസ് മുതലായ അനേക സ്ഥാനാർഥങ്ങളെ എഴുതപ്പെട്ടു. അന്യഭാഷകൾക്ക് അതിനെ അവരുടെ വാചകത്തിൽ തർജമ പറയുകയോ എഴുതുകയോ ചെയ്തു കിട്ടാതെ എങ്ങനെ ഗ്രഹിക്കും. ഫാർസി, ഹിന്ദി, തമിഴ് മുതലായ ഭാഷകളിൽ അനേക കിതാബുകൾ ഉലമാക്കൾ കോർവ ചെയ്തു പരോചനം അറിവ് സമ്പാദിക്കുന്നു. അതിനാൽ മേലെ പറഞ്ഞ അഭിപ്രായത്തിൽ ആരും പെട്ടുപോകാതിരിക്കട്ടെ”.
ഈ വിഷയവുമായി ബന്ധപ്പെട്ടു ഖാളി മുഹമ്മദിന്റെ 'അൽ ഫറാഇളുൽമുൽതഖ' പോലെയുള്ള നിരവധി ഗ്രന്ഥങ്ങൾ ശുജായി മൊയ്തു മുസ്ലിയാരുടെ മുമ്പും ശേഷവും പലപ്പോഴായി രചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മറ്റു രചനകളിൽനിന്നും ശുജായി മൊയ്തു മുസ്ലിയാരുടെ 'ഫത്ഹുൽ ഫത്താഹ് എന്നും പരോസാദ്ധ്യം എന്നും പേരുള്ള അനന്തരാവകാശ മസ്അല തർജമ' എന്ന ഗ്രന്ഥം വ്യത്യസ്തമാകുന്നത് അതിന്റെ അവതരണ ശൈലിയിലും ശ്രദ്ധേയമായ മുഖക്കുറിപ്പിലുമാണ്. ഗ്രന്ഥത്തിന്റെ തുടക്കത്തിൽ ഗ്രന്ഥകർത്താവുതന്നെ അതിന്റെ ഘടനയെ ഇപ്രകാരം വ്യക്തമാക്കുന്നുണ്ട്: “ഈ കിതാബിനു മുഖദ്ദിമ എന്ന ഒരു മുന്നണിയായും 49 വകുപ്പുകൾ ആയും അതിനടിയിൽ ചില തൻബീഹ് എന്ന ഉണർത്തൽ, തതിമ്മത് എന്ന തീർപ്പ്, ഫാഇദത് എന്ന സാരം, മുഹിമ്മത് എന്ന മുഖ്യാവശ്യം, തഅ്രീഫ് എന്ന അറിയിപ്പ്, ലഗ്സ് എന്ന കഥാസഹിതം, ഖാതിമത് എന്ന ഒരു അവസാനം ഉൾപ്പെടെ 512 മസ്അലകൾ കോർവ ചെയ്യപ്പെട്ടിരിക്കുന്നു”. ഗ്രന്ഥത്തിന്റെ തുടക്കത്തിൽ വിശദമായ ഒരു ഉള്ളടക്കപ്പട്ടിക നൽകിയിട്ടുണ്ട്. ഇത് വായനക്കാരെ തങ്ങൾക്ക് അറിയേണ്ട മസ്അലകളിലേക്കു പെട്ടെന്ന് എത്താൻ സഹായിക്കുന്നു. ആമുഖത്തിൽ ഗ്രന്ഥകർത്താവ് ഈ രചനക്കായി താൻ അവലംബിച്ച ഗ്രന്ഥങ്ങളെ പരാമർശിച്ചിട്ടുണ്ട്; തുഹ്ഫ, മഹല്ലി, ബഗവി, ബഹ്ജ, റഹ്ബിയ, ഫത്ഹുൽ ജവാദ്, ഫത്ഹുൽ മുഈൻ തുടങ്ങിയവയാണവ.
അനന്തരാവകാശ വിഷയത്തിൽ നാല് കർമസരണികളിലും അൽപ്പം ചില കാര്യങ്ങൾ ഒഴിച്ചാൽ വലിയ വ്യത്യാസങ്ങളില്ല. ഇക്കാര്യം തുടക്കത്തിൽത്തന്നെ സൂചിപ്പിച്ചുകൊണ്ടു വിഷയ പ്രതിപാദനത്തിൽ ഓരോ ഇമാമുമാരുടെയും പ്രത്യേകമായ അഭിപ്രായം രേഖപ്പെടുത്താതെയുള്ള അവതരണമാണു ഗ്രന്ഥത്തിലുടനീളം കാണാൻ കഴിയുക. ക്രമാനുസൃതമായ ശൈലിയിലാണു ഗ്രന്ഥകർത്താവു മുന്നോട്ടു പോകുന്നത്. ഒരു വ്യക്തിയുടെ മരണത്തോടെയാണല്ലോ അയാളുടെ സ്വത്തുകളുടെമേലുള്ള അനന്തരാവകാശ ചർച്ചകൾ ഉടലെടുക്കുന്നത്. മരണത്തിന്റെ സ്ഥിരീകരണം, മരണത്തിന്റെ വ്യത്യസ്ത അവസ്ഥകൾ എന്നിവ ആദ്യം വിശദീകരിക്കുന്നു, അതിനെ തുടർന്ന് ഒന്നാം വകുപ്പോടെ കൃതിയുടെ കേന്ദ്രവിഷയത്തിലേക്കു കടക്കുകയും ചെയ്യുന്നു. 'മരിച്ചവരുടെ മുതൽ അവകാശത്തിനു ഹേതു' എന്ന തലക്കെട്ടിൽ അവ ക്രമത്തിൽ ചർച്ച ചെയ്യുന്നു. അപ്രകാരം കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും, അവരുമായി ബന്ധപ്പെട്ടവരുടെയും അവകാശവിഹിതങ്ങൾ കൃത്യമായി പല വകുപ്പുകളിലുമായി വിശദീകരിക്കുന്നു. ഇതിനുപുറമെ, പ്രത്യേകമായ പട്ടികകൾ ചേർത്തുകൊണ്ട് അവകാശികളുടെ പേരുകൾക്കുനേരെ അവരുടെ വിഹിതങ്ങൾ അക്ഷരത്തിലും അക്കങ്ങളിലുമായി രേഖപ്പെടുത്തുന്നു.
ഈ രീതി അനന്തരാവകാശ മസ്അലകളെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധാരണ ജനങ്ങളെ സഹായിക്കുന്നു. ഇപ്രകാരം ശാസ്ത്രീയമായ രൂപകൽപ്പനയിൽ സങ്കീർണമായ അനന്തരാവകാശ മസ്അലകൾക്കു പൂരണം കണ്ടെത്തുന്നു. ഈ രചനയെ ശ്രദ്ധേയമാക്കുന്ന ഒരു പ്രധാന ഘടകമാണു ലാളിത്യം. വിഷയത്തിന്റെ മർമവും ഉന്നവും കണ്ടറിഞ്ഞു പ്രയോഗിക്കാൻ ഗ്രന്ഥകർത്താവിനു സാധിച്ചു എന്നുളളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മറ്റു കൃതികളിൽനിന്നും വിത്യസ്തമായി വളരെ ലളിതമായ ഭാഷയാണു ഗ്രന്ഥകാരൻ ഈ ഗ്രന്ഥത്തിലുടനീളം ഉപയോഗിച്ചിട്ടുളളത്. ഉപസംഹാരം 1861ൽ മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് അണ്ടത്തോട് കുളങ്ങര വീട്ടിൽ അബ്ദുൽ ഖാദർ സാഹിബിന്റെ മകനായി ജനിച്ച ശുജായി മൊയ്തു മുസ്ലിയാരുടെ ഇസ്ലാമിക കർമശാസ്ത്ര വിഷയത്തിലെ അനന്തരാവകാശ പ്രമേയത്തിൽ വിരചിതമായ ‘ഫത്ഹുൽ ഫത്താഹ് എന്നും പരോസാദ്ധ്യം എന്നും പേരുള്ള അനന്തരാവകാശ മസ്അല തർജമ' എന്ന ഗ്രന്ഥത്തെകുറിച്ചുള്ള ഒരു വിശദമായ പഠനമാണ് ഇവിടെ വിവരിച്ചത്. അറബേതര ഭാഷകളിൽ ഗ്രന്ഥരചന നടത്തുന്നതു വിലക്കേർപ്പെടുത്തിയിരുന്ന സമൂഹത്തിനിടയിൽ നിന്നുകൊണ്ടുതന്നെ കൃത്യമായി മാതൃഭാഷയെക്കുറിച്ചു വാചാലനാവുകയും അറബിമലയാള ഭാഷയിൽ ഗ്രന്ഥരചന നടത്തുകയും ചെയ്തവരാണു ശുജായി മൊയ്തു മുസ്ലിയാർ.
പൊന്നാനി കൊണ്ടോട്ടി കൈതർക്കത്തിലും തന്റേതായ ഇടപെടലുകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. മാപ്പിള സാഹിത്യത്തിനു തനതായ ഒരു സാഹിത്യ ശൈലി സംഭാവന ചെയ്ത പ്രതിഭയാണു ശുജായി മൊയ്തു മുസ്ലിയാർ. ഗദ്യരൂപത്തിൽ ആദം നബിമുതൽ തുർക്കി ഭരണാധികാരി അബ്ദുൽ ഹമീദ് രണ്ടാമനുവരെ നീണ്ടുനിൽക്കുന്ന സംഭവ വികാസങ്ങളെല്ലാം ഉൾപ്പെടുത്തിയ ഫത്ഹുൽ ഫത്താഹ് എന്ന ചരിത്ര ഗ്രന്ഥവും ഇസ്ലാമിലെ കർമശാസ്ത്ര മേഖലയിലെ പ്രധാനപ്പെട്ട അനന്തരാവകാശ മസ്അലകൾ ചർച്ച ചെയ്യുന്ന ‘ഫത്ഹുൽ ഫത്താഹ് എന്നും പരോസാദ്ധ്യം എന്നും പേരുള്ള അനന്തരാവകാശ മസ്അല തർജമ' എന്ന ഗ്രന്ഥവും പദ്യ രൂപത്തിലായി സഫലമാല എന്ന പ്രസിദ്ധമായ രചനയും അദ്ദേഹം നടത്തി. സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന തരത്തിലാണു 'ഫത്ഹുൽ ഫത്താഹ് എന്നും പരോസാദ്ധ്യം എന്നും പേരുള്ള അനന്തരാവകാശ മസ്അല തർജമ' എന്ന ഗ്രന്ഥത്തെ ശുജായി മൊയ്തു മുസ്ലിയാർ ക്രമീകരിച്ചിട്ടുള്ളത്. മറ്റു കൃതികളിൽനിന്നും വ്യത്യസ്തമായി വളരെ ലളിതമായ ഭാഷയിലാണു ഗ്രന്ഥകാരൻ ഇതിലെ മസ്അലകളെ വിവരിക്കുന്നത്. എളുപ്പത്തിൽ ചൊല്ലി പഠിക്കാനും വായിച്ചു മനസ്സിലാക്കാനും ഉതകുന്ന രീതിയിലാണ് ഈ ഗ്രന്ഥത്തിന്റെ രചന. എല്ലാ തരക്കാർക്കും ഒരു കൈപുസ്തകംപോലെ പ്രയോജനപ്പെടുത്താവുന്ന ഈ കൃതി കാലോചിതമായ ഭാഷാമാറ്റങ്ങളും അനിവാര്യമായ അറ്റകുറ്റപ്പണികളും ചെയ്താൽ ഇന്നും അക്കാദമിക തരത്തിൽ പ്രയോജനപ്പെടുത്താവുന്നതെയുള്ളൂ.
