ജ്ഞാന വിനിമയ പരമാധികാരത്തെ മനസ്സിലാക്കാനും മറ്റു ജ്ഞാനപാരമ്പര്യങ്ങളിൽ പരമാധികാരമുയർത്തുന്ന വെല്ലുവിളികൾ വിലയിരുത്തുവാനും കൊളോണിയലിസവും കൊളോണിയാലിറ്റിയും തമ്മിലുള്ള അർഥാന്തരങ്ങളെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അപകോളനീകരണ പഠനങ്ങളിലും ചർച്ചകളിലുമാണ് ഈ വ്യത്യാസം നമുക്കു പ്രകടമായി കാണാൻ സാധിക്കുന്നത്. ഒരു അധികാരവർഗം മറ്റൊരിടത്ത് അധിനിവേശം നടത്തുകയും ആ ദേശത്തിലെ അധികാരത്തിന്റെയും ഉത്പാദനത്തിന്റെയും മെക്കാനിസത്തെ കയ്യേറുന്നതിനു കൊളോണിയലിസമെന്നു കേവലാർഥത്തിൽ നമുക്കു വിലയിരുത്താം. അധികാര പിന്മാറ്റ സമയത്തു തങ്ങൾക്കനുകൂലമായ ഭരണാധികാര വ്യവസ്ഥകളും സാഹചര്യങ്ങളും നിലനിർത്തുന്നതോടെ അധികാര കസേരയിലിരിക്കാതെതന്നെ കൊളോണിയലിസം തുടർന്നു പ്രവർത്തിക്കുന്ന സ്ഥിതിവിശേഷങ്ങൾ ഇന്നത്തെ ലോകക്രമമെടുത്തു പരിശോധിക്കുമ്പോൾ വ്യക്തമാവുന്നതാണ്.
അധികാരത്തിന്റെ മൂർത്തരൂപങ്ങളൊന്നുമില്ലാതെതന്നെ ഇന്നും ഈ മെക്കാനിസം തുടർന്നു പ്രവർത്തിക്കുന്നുണ്ട്. ഉദാഹരണമായി, ലോകത്ത് സ്വർണ നിക്ഷേപങ്ങളുടെ വിഷയത്തിൽ യുറോപ്യൻ രാജ്യമായ ഫ്രാൻസ് ആദ്യ അഞ്ചിൽ ഇടം പിടിച്ചിട്ടുണ്ട്. ആഗോളത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉത്പാദിപ്പിക്കുന്ന ഒരു ആഫ്രിക്കൻ രാജ്യത്തിനും സ്വർണനിക്ഷേപമില്ലെന്ന വസ്തുത അധികാരമൊഴിഞ്ഞും കൊളോണിയലിസം എങ്ങനെ തുടർന്നു പ്രവർത്തിക്കുന്നുവെന്നു മനസ്സിലാക്കാനുള്ള കേവലം ഒരു ഉദാഹരണം മാത്രമാണ്.
അധികാരം കൈവശമില്ലാതെ കൊളോണിയലിസം എങ്ങനെ അധികാര-ഉത്പാദന മേഖലയിൽ ഇടപെടുന്നുവെന്നു വ്യക്തമായല്ലോ. എന്നാൽ, കൊളോണിയാലിറ്റി കോളനിവത്കൃത ദേശത്തെ അധികാര-ഉത്പാദന മേഖലകളിലുപരി ജ്ഞാന-ധൈഷണിക മേഖലകളിൽവരെ അധികാരം ചെലുത്തുന്നതായി കാണാം. കൊളോണിയാലിറ്റി കോളനിവത്കരണത്തിന്റെ അനന്തരഫലമായി ഉയർന്നുവന്ന അധികാരത്തിന്റെ ദീർഘകാല മാതൃകയെ സൂചിപ്പിക്കുന്നുവെങ്കിലും കൊളോണിയൽ ഭരണത്തിന്റെ കർശനമായ പരിധികൾക്കപ്പുറമുള്ള സംസ്കാരം, അധ്വാനം, ഇവ തമ്മിലെ ബന്ധം, ജ്ഞാനോത്പാദനം തുടങ്ങിയ ഒരു ദേശത്തിന്റെ നിഖില മേഖലകളിലും സ്വാധീനം ചെലുത്തുന്നുവെന്നു നെൽസൺ മാല്ഡൊനാഡോ ടോറസ് വിലയിരുത്തുന്നുമുണ്ട്. ഈയൊരർഥത്തിൽ കൊളോണിയാലിറ്റി കൊളോണിയലിസത്തെക്കാൾ വീര്യമുള്ളതും ആശയ സ്വാധീന വൈപുല്യത്താൽ അതിനെ മറികടക്കുകയും ചെയ്യുന്നു. ആയതിനാൽ, ഒരു ദേശത്തെ ജ്ഞാനോത്പാദനത്തെയും അതിന്റെ മെക്കാനിസത്തെയും നിയന്ത്രണവിധേയമാക്കുന്നതോടെ പ്രസ്തുത ദേശത്തിലെ ജനത സ്വയമെങ്ങനെ നിർവചിക്കുന്നുവെന്നുപോലും കൊളോണിയൽ ശക്തികൾക്കു നിയന്ത്രിക്കാൻ സാധിക്കുന്നു.
കൊളോണിയലിസം, കൊളോണിയാലിറ്റി തുടങ്ങിയ ആശയ സ്വരൂപങ്ങളെ മനസ്സിലാക്കുന്നതോടെ എങ്ങനെയാണു പാശ്ചാത്യേതര ജ്ഞാനശാസ്ത്രത്തിന്റെ പരമാധികാര മനോഭാവം പ്രവർത്തിക്കുന്നുവെന്നും ലോകത്തിലെ വിവിധങ്ങളായ പാശ്ചാത്യ ജ്ഞാനപാരമ്പര്യങ്ങളിൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നതെങ്ങനെയെന്നും മനസ്സിലാക്കാൻ സാധിക്കും. മുസ്ലിം ജ്ഞാനപാരമ്പര്യത്തിന്റെയും ജ്ഞാനശാസ്ത്രത്തിന്റെയും അവസ്ഥാവിശേഷം മറ്റൊന്നല്ല. മുസ്ലിം ജ്ഞാനപാരമ്പര്യവും ഇസ്ലാമിക ജ്ഞാനശാസ്ത്രവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എപിസ്റ്റമിക് കോളനിവൽക്കരണമാണ്. പാശ്ചാത്യ നാഗരികതയുടെ സാങ്കേതിക മുന്നേറ്റംമൂലം മാനവികവും മതേതരവും ശാസ്ത്രീയവുമായ പാശ്ചാത്യൻ ജ്ഞാനശാസ്ത്രത്തിനു മേൽക്കോയ്മ ലഭിക്കുന്നു. ഈ ജ്ഞാനശാസ്ത്രം ഇസ്ലാമിക ജ്ഞാനശാസ്ത്രത്തിന് അന്യമാണെന്നു മാത്രമല്ല, മെറ്റാഫിസിക്സിനെ പൂർണാർഥത്തിൽ നിരാകരിക്കുന്ന മെറ്റാഫിസിക്കൽ ന്യൂട്ടാലിറ്റിയെന്ന മിഥ്യാധാരണ അടിസ്ഥാനമാക്കിയാണു പ്രവർത്തിക്കുന്നതും.
മുസ്ലിം ജ്ഞാനാന്വേഷണ ചർച്ചകളിൽ ജ്ഞാനശാസ്ത്രപരമായ അപകർഷത നിലനിൽക്കുന്നതായി കാണാം. പാശ്ചാത്യേതര ജ്ഞാനശാസ്ത്രങ്ങളിൽ അപകർഷതാബോധം സൃഷ്ടിച്ചെടുക്കുന്നതായി യൂറോ-അമേരിക്കൻ അക്കാദമിക്ക് സാധിച്ചിട്ടുണ്ടെന്നുവേണം മനസ്സിലാക്കാൻ. ഖുർആൻ-ഹദീസ് അനുബന്ധമായി അനവധി ബൗദ്ധികപാരമ്പര്യങ്ങൾ മുസ്ലിംകൾക്ക് അവകാശപ്പെടാനായുണ്ട്. ഇത്തരം ബൗദ്ധികപാരമ്പര്യങ്ങളിലൂന്നി കാര്യങ്ങൾ വിലയിരുത്തുകയും നോക്കി കാണുകയും ചെയ്യുന്നതിനുപകരം ആധുനിക ജ്ഞാനശാസ്ത്രത്തിനുതകുന്ന തരത്തിലേക്കു മാത്രമായൊതുങ്ങുന്ന പ്രവണത നമുക്കു മുന്നിൽ നിലനിൽക്കുന്നു. ഈയൊരു നിജസ്ഥിതിയെ ഹെർമന്യൂട്ടിക്കൽ ഇൻഫിയോറിറ്റിയായി അക്കാദമിക ലോകം വിലയിരുത്തുന്നുണ്ട്.
ഹെർമന്യൂട്ടിക്കൽ ഇൻഫിയോറിറ്റി നിലനിൽക്കുന്നതോടെ മുസ്ലിം ജ്ഞാനപാരമ്പര്യം ലോകത്തിനും മുസ്ലിംകൾക്കും എന്താണ് നൽകുന്നതെന്നു പറയാതെ പോവുകയാണു ചെയ്യുന്നത്. ഇസ്ലാമിൽ അന്ത്യപ്രവാചകൻ ഭൂലോകത്തിനു കരുണയായിട്ടാണു നിയുക്തനായതെന്നു നമ്മൾ അവകാശപ്പെടുമ്പോഴും മുസ്ലിംകൾക്കു മാത്രമല്ല, ആഗോള മാനവികതയ്ക്ക് ഒന്നാകെ മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കാൻ മുസ്ലിംകൾ ബാധ്യസ്ഥരാണെന്ന ബോധം നാം വിസ്മരിക്കുന്നു. ആയതിനാൽ മുസ്ലിം ജ്ഞാനപാരമ്പര്യത്തെ തിരസ്കരിച്ച് ആധുനിക ജ്ഞാനശാസ്ത്രത്തിലൂന്നിമാത്രം കാര്യങ്ങൾ നോക്കിക്കാണുന്ന സ്ഥിതിവിശേഷം സംജാതമാവുന്നു. ഒടുവിൽ ജ്ഞാനാന്വേഷണതലങ്ങളിൽ ഇസ്ലാമിക ജ്ഞാനശാസ്ത്രത്തിന്റെ പ്രസക്തിയെയും അനിവാര്യതയെയും ചോദ്യം ചെയ്യുന്ന സാഹചര്യങ്ങൾ ഉടലെടുക്കുകയും മറ്റു ജ്ഞാനപാരമ്പര്യങ്ങളുടെമേൽ ആധുനിക ജ്ഞാനശാസ്ത്രം മേൽക്കോയ്മയും പരമാധികാരവും സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു.
നാം നേരിടുന്ന എപിസ്റ്റമിക് കോളനിവൽക്കരണത്തിന്റെ അനന്തരഫലമെന്നോണം എപിസ്റ്റിമിസൈഡ് (ജ്ഞാനവധം) തന്നെ അക്കാദമിക ഗവേഷണതലങ്ങളിൽ സംഭവിക്കുന്നുണ്ട്. സകല ജ്ഞാന സംസ്കൃതിയെയും വിവിധങ്ങളായ അറിവിന്റെ വാതായനങ്ങളെയും തിരസ്കരിക്കുന്നതിനെ നമുക്ക് ജ്ഞാനവധമായി വിലയിരുത്താമെന്ന് സാന്റോസ് (Boaventura de Sousa Santos) പ്രതിപാദിക്കുന്നു. നമ്മൾ മുസ്ലിം പണ്ഡിതന്മാരെക്കുറിച്ചു വിവരിക്കുമ്പോഴും ഇസ്ലാമികാധ്യാപനങ്ങളെക്കുറിച്ചു സംസാരിക്കുന്ന സമയത്തും പാശ്ചാത്യ അക്കാദമിക ലോകം ഇത്തരം ചർച്ചകളും അന്വേഷണങ്ങളൊന്നും വലിയൊരു ജ്ഞാനപാരമ്പര്യത്തിന്റെയോ ജ്ഞാന സംസ്കൃതിയുടെയോ ഭാഗമല്ലെന്നു തീറെഴുതി തിരസ്കരിക്കുന്നതും അപകർഷതാബോധം സൃഷ്ടിക്കുന്നതും നിസ്സാരമായി കാണരുത്. ഈയൊരു സാഹചര്യത്തിൽ ഇസ്ലാമിക ജ്ഞാനപാരമ്പര്യത്തിന്റെ അടിസ്ഥാന തത്വങ്ങളിലൂന്നി സംസാരിക്കാൻ സാധിക്കാതെവരികയും നമ്മുടെ ആശയധാരകളെ പൂർണമായും വിഭിന്നമായ മറ്റൊരു വ്യവസ്ഥിതിയിലുന്നി ജ്ഞാന വ്യവഹാരത്തിലേർപ്പെടേണ്ടിവരികയും ചെയ്യുന്നു.
ഈയൊരു പരിതസ്ഥിതിയെ കേവലം ജ്ഞാനവധമായി വിലയിരുത്തുന്നതു കാവ്യനീതിയാവുകയില്ല. സാന്റോസിന്റെ വീക്ഷണത്തിൽ ഒരു ജ്ഞാനസംസ്കൃതിയെയും പാരമ്പര്യത്തെയും പൂർണാർഥത്തിൽ തുടച്ചുനീക്കലാണു ജ്ഞാനവധം. ഇസ്ലാമിക ജ്ഞാനപാരമ്പര്യത്തിൽ കോളനിവത്കരണ ശ്രമങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിലും ഇസ്ലാമേതര ജ്ഞാനപാരമ്പര്യങ്ങളിൽ ഇത് സുവ്യക്തമാണ്. തദ്ദേശീയ അമേരിക്കൻ ജ്ഞാനപാരമ്പര്യം (native American knowledge tradition) ഒരു നിലക്കും തിരിച്ചെടുക്കാൻ പറ്റാതെ പൂർണമായും വിസ്മരിക്കപ്പെട്ടിട്ടുണ്ട്. ഈയൊരു പരിണിത ഫലം ഇസ്ലാമിക ജ്ഞാനപാരമ്പര്യങ്ങളിൽ വലിയതോതിൽ കടന്നുവരാതിരിക്കാനുള്ള മൂലകാരണം ഇസ്ലാമിക് ടെക്സ്റ്റൽ ട്രഡീഷനാണ്.
മുസ്ലിംകൾ തങ്ങളുടെ ടെക്സ്റ്റൽ ട്രഡീഷനെ സംരക്ഷിക്കുന്നതിന് ഊന്നൽ നൽകിയതാണു മൂലകാരണമെന്നു നമുക്കു വിലയിരുത്താം. പൂർവാധുനിക കാലഘട്ടത്തിൽ മുസ്ലിംകൾ പടുത്തുയർത്തിയ ജ്ഞാനപാരമ്പര്യം ചൈനമുതൽ ഇന്തോനേഷ്യവരെയും സ്പെയിൻമുതൽ ഗാംബിയവരെയുമുള്ള വലിയൊരു ഭൗമപരിസ്ഥിതിയിൽ പടർന്നു നിൽക്കുന്നുവെന്നതും മറ്റൊരു കാരണമായി നമുക്കു വിലയിരുത്താം. എന്നാൽ, അറബിയിലും അറബിമലയാളത്തിലുമായി വിരചിതമായ മലബാറിന്റെ ജ്ഞാനപാരമ്പര്യത്തിൽ ഈ കാരണങ്ങളൊന്നുംതന്നെയില്ല. മലബാർ കലാപാനന്തരം മലബാറിന്റെ ജ്ഞാനപാരമ്പര്യം ക്ഷയിച്ചുതുടങ്ങിയതു പാശ്ചാത്യ ജ്ഞാനവ്യവസ്ഥിതിയുടെ കോളനിവത്കരണം മൂലമാണെന്നു വിലയിരുത്താം. എന്നാൽ, സാന്റോസ് ജ്ഞാനവധമെന്നു വിളിക്കുന്ന രീതിയിൽ മലബാറിന്റെ ജ്ഞാനപൈതൃകം നഷ്ട്ടപ്പെട്ടു പോയിട്ടില്ലെന്നു നമുക്ക് ആശ്വസിക്കാം. ജോസഫ് ലംബാർഡ് ഈ കാര്യം വളരെ ലളിതമായി അവതരിപ്പിക്കുന്നതായി കാണാം.
മുസ്ലിം പണ്ഡിതരുടെ സ്വരങ്ങളും ചിന്തകളും മ്യൂസിയങ്ങളിലെ പുരാവസ്തുക്കളായി കേവലപ്പെടുത്തുകയും അതേസമയം യൂറോ-അമേരിക്കൻ അക്കാദമിയിലെ ചിന്തകരെയും ചിന്തകളെയും ഇന്നും എന്നും ജീവസുറ്റതായി തീർക്കുകയും ചെയ്യുന്നു. ഒരു വശത്ത് കാന്റ്, നീഷേ, ഹൈഡഗർ തുടങ്ങിയ ചിന്തകർ കൊണ്ടാടപ്പെടുകയും മറുവശത്തു മുല്ലാ സദ്റയും അദ്ദേഹത്തിന്റെ ആശയധാരയും പുരാവസ്തുവായി കേവലപ്പെടുത്തപ്പെടുകയും ചെയ്യുന്നു.
ഇസ്ലാമിക ജ്ഞാനപാരമ്പര്യത്തിൽ ഏറെ ശ്രദ്ധേയരായ ഗസ്സാലി, റൂമി തുടങ്ങിയ പണ്ഡിതരും ഇന്നും അനശ്വരമായി നിലനിൽക്കുന്ന ഇവരുടെ ചിന്തകളും കേവലമൊരു പുരാവസ്തുവായി ചിത്രീകരിക്കപ്പെടുന്നത് ഇസ്ലാമിക ജ്ഞാനപാരമ്പര്യത്തിന് ഏൽക്കുന്ന വെല്ലുവിളിയാണ്. മുസ്ലിം ജ്ഞാനപാരമ്പര്യത്തിലെ ചിന്തകളും ചിന്തകരും പുരാതനമെന്നു കാറ്റലോഗ് ചെയ്യപ്പെടുകയും ഇവ നിരുപാധികം എതിർക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യണമെന്ന മിഥ്യാധാരണ യൂറോ-അമരിക്കൻ അക്കാദമിക ലോകത്ത് ഉടലെടുക്കുകയും ചെയ്യുന്നു. എപ്പിസ്റ്റമിക് കോളനിവത്കരണവും ജ്ഞാനശാസ്ത്ര പരമാധികാര ബോധവുംമൂലം ഇസ്ലാമിക ജ്ഞാനശാസ്ത്രത്തിലും മുസ്ലിം ജ്ഞാനപാരമ്പര്യത്തിലും ഉടലെടുക്കുന്ന വെല്ലുവിളികളെയും സങ്കീർണതകളെയും കൃത്യമായി വിലയിരുത്തുകയും പ്രതിരോധിക്കുകയും വേണം. യൂറോ-അമേരിക്കൻ അക്കാദമിയിലെ ഗവേഷണ വിദ്യാർഥികൾ ഫലസ്തീൻ ഐക്യദാർഢ്യത്തിനിറങ്ങുന്ന നേർചിത്രങ്ങൾ ഏറെ ശുഭപ്രതീക്ഷ നൽകുന്നതാണ്.
