അപൂർണതകൾ കൂടിച്ചേർന്നതുകൊണ്ട്
പൂർണത ഉണ്ടാവുകയില്ലെന്നും
പൂർണത ചെറുകഷ്ണങ്ങളായി മുറിഞ്ഞാണ്
അപൂർണതകളുണ്ടാകുന്നതെന്നും
അയാൾ അനുഭവങ്ങൾ കോർത്തുണ്ടാക്കിയൊരു
മാലയുടെ നേർത്ത ചരട് പൊട്ടിച്ചു.
നിൻ്റെയീ ചിന്ത പരമ വിഡ്ഢിത്തമാണെന്ന്
ആരോ നീട്ടിയെറിഞ്ഞ കൂർത്ത വാദം
നേരെ ചെന്നു പതിച്ചത്
അയാളുടെ മുന്നിൽ നിവർന്നുനിന്നിരുന്ന
കൂറ്റൻ ചില്ലു കണ്ണാടിയിലായിരുന്നു.
മൂർത്തമായൊരു ശലഭത്തിൽനിന്ന്
അമൂർത്തമായ ചെറു ശലഭങ്ങൾ പൊട്ടി വിടരുന്നത്
ചില്ലുകഷ്ണങ്ങളിലന്നേരം തെളിഞ്ഞു കണ്ടു.
അയാളുടെ മുന്നിൽ:
നിറഞ്ഞു നിൽക്കുന്ന ആകാശം പാളികളായി പൊട്ടിവീഴുന്നു.
വെട്ടിത്തിളങ്ങുന്ന സൂര്യൻ രശ്മികളായി ചിതറിവീഴുന്നു.
രക്തച്ചുവപ്പുള്ളൊരു പൂ ഇതളുകളായി അടർന്നുവീഴുന്നു.
ചുവരിൽ തൂക്കിയ ബുർജ് ഖലീഫയുടെ ചിത്രം
പൊടിപൊടിയായി തകർന്നുവീഴുന്നു.
വലിയൊരു മേഘപാളിയിൽനിന്ന്
കുഞ്ഞുതുള്ളികളായി നിലത്തിറങ്ങിയ മഴയാണ്
കരയെ വിഴുങ്ങിക്കിടക്കുന്ന കടലിൽനിന്ന്
കൈക്കുമ്പിളിലെടുത്തു താലോലിക്കുന്നതെന്ന്
മനഃപൂർവം മറന്നു കളയുന്നവരോട്
അയാൾക്ക് പുച്ഛവും അനൽപമായ ദേഷ്യവും തോന്നി.
രോഗശയ്യയിലായിരിക്കെ,
തൊട്ടടുത്ത കിടക്കയിൽ കിടന്നു പിടയുന്ന ശരീരത്തിൻ്റെ
ഓരോരോ അവയവങ്ങൾ മരിച്ചു തീർന്നിരുന്നത്
അയാളൽപ്പം ഭീതിയോടെ ഓർത്തെടുത്തു.
കാലത്തിൻ്റെ കണക്കു പുസ്തകത്തിലെ
ഡി ബൈ ഡിഎക്സിന്,
എക്സും വൈയുമൊന്നുമില്ലാതെതന്നെ
അയാൾക്ക് ശരിയുത്തരം കിട്ടിയ
ആദ്യത്തെയും അവസാനത്തെയും
നിമിഷമായിരുന്നു അത്.
ആർക്കോവേണ്ടി ഫ്രാഗ്മെന്റേഷൻ തിയറികൾ
ഓരോന്നോരോന്നായി വിശദമാക്കി ക്ലാസെടുത്തിരുന്ന
ഗണിതാധ്യാപികയോട്
അന്നേരമയാൾക്കു കടുത്ത ആരാധന തോന്നി.
പിന്നീടയാളുടെ പരീക്ഷണശാലക്കകത്ത്,
തിളച്ചു മറിയുന്ന അനന്തതയിൽനിന്ന്
ബാഷ്പമായ് ഉയരുന്ന നിശ്ചിതത്വങ്ങളുടെ
സുഖമുള്ള ഗന്ധമായിരുന്നു.
ഏറെ വൈകാതെ,
ഇലകളെല്ലാം കൊഴിഞ്ഞു തളർന്നൊരു
ബോധി മരത്തിൻ്റെ കൊമ്പിലെ
തൂവലു കൊഴിഞ്ഞ്
അസ്ഥികൂടമായിത്തീർന്നൊരു
വെള്ളിമൂങ്ങയെ സാക്ഷിയാക്കി
അയാളും ചെറുസ്ഫുരണങ്ങളായി
ശൂന്യതയിലേക്കു തുളഞ്ഞു കയറി,
എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷമായി.
